Business & Corporates

ജോലിയില്‍ തിളങ്ങാന്‍ ആത്മാര്‍ഥത മാത്രം പോരാ! പിന്നെയോ?

ആത്മാര്‍ഥത ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാന്‍ കഴിയില്ല. എന്നാല്‍ ആത്മാര്‍ത്ഥതകൊണ്ട് മാത്രവും വിജയം നേടാനാകില്ല. ജോലിയില്‍ തിളങ്ങാന്‍ ജോലിയുടെ പള്‍സറിയുകയാണ് വേണ്ടത്

പഠനം കഴിഞ്ഞിറങ്ങുന്ന ബഹുഭൂരിപക്ഷം വ്യക്തികളും ആഗ്രഹിക്കുന്നത് ഒരു മികച്ച ജോലി ലഭിക്കണം എന്നാണ്. തന്റെ കഴിവിനും വിദ്യാഭ്യസത്തിനും യോജിച്ച ഒരു ജോലി ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? മറ്റൊരു ശതമാനം ആളുകള്‍ ആഗ്രഹിക്കുന്നത് സ്വന്തമായി ഒരു ബിസിനസ് ചെയ്യുവാനാണ്. മറ്റാര്‍ക്കും കീഴില്‍ ജോലി ചെയ്യാതെ സ്വന്തം സ്ഥാപനത്തിന് വേണ്ടി ജോലിയെടുക്കാനും അതിലൂടെ നല്ലൊരു തൊഴിദാതാവാകാനുമാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. അതും നല്ല കാര്യം തന്നെ.

എന്നാല്‍ രണ്ടു കാര്യങ്ങളിലും പൊതുവായുള്ളത് തെരഞ്ഞെടുക്കുന്ന മേഖലയില്‍ അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലില്‍ തിളങ്ങുക എന്നതാണ്. വിജയത്തിന് ഷോര്‍ട്ട് കട്ടുകള്‍ ഇല്ല എന്ന് പറയുന്നത് പോലെ തന്നെയാണ് ഇതും. ജോലിയില്‍ വിജയിക്കണമെന്നും തിളങ്ങണമെന്നും ആഗ്രഹിക്കുന്നവര്‍ തുടക്കം മുതലേ ചിട്ടയായ പരിശീലനം ആരംഭിക്കണം. വ്യക്തിപരമായും പ്രൊഫഷണല്‍ തലത്തിലും അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇതിന് പ്രാഥമികമായി വേണ്ടത്.

ആത്മാര്‍ഥത

ജോലിയില്‍ മികച്ച വിജയം നേടാന്‍ എന്തെല്ലാം ചെയ്യണം എന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന ഉത്തരമാണ് ആത്മാര്ഥതയോടെയുള്ള പെരുമാറ്റം എന്നത്. കാര്യം ശരി തന്നെയാണ്.ആത്മാര്‍ഥത ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാന്‍ കഴിയില്ല. ജോലി ചെറുതോ വലുതോ ആവട്ടെ സത്യസന്ധത ഓരോ ഘട്ടത്തിലും പുലര്‍ത്തണം. എന്നാല്‍ ആത്മാര്‍ത്ഥതകൊണ്ട് മാത്രം കാര്യം നടക്കില്ല. നാം സ്ഥാപനത്തിന്റെ ഉന്നമത്തിനായി ചെലുത്തുന്ന ആത്മാര്‍ത്ഥത കൂടെ ജോലി ചെയ്യുന്നവരും കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂട്ടുത്തരവാദിത്വത്തിലൂടെ മാത്രമേ ഒരു സ്ഥാപനം വിജയിക്കുകയുള്ളു. അതിനാല്‍ സ്വന്തം കടമകള്‍ കൃത്യമായി ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക.

പ്രായം ഒരു ഘടകമല്ല

ചില വ്യക്തികള്‍ ജീവിതത്തിലും പ്രൊഫഷനിലും വരുത്തുന്ന പിഴവുകള്‍ പ്രായത്തിന്റെ പക്വതകുറവാണ് എന്ന ലേബലില്‍ ഒതുക്കി നിര്‍ത്താറുണ്ട്. ഇതില്‍ യാതൊരു കാര്യവുമില്ല. ജോലിയില്‍ മികവ് കാണിക്കാനും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും ഒരു നിശ്ചിത പ്രായം വേണമെന്ന് നിര്‍ബന്ധമില്ല. ഏത് പ്രായത്തിലും എന്തും പഠിക്കാം. അതിനാല്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള മനസ് കൈവിടാതിരിക്കുക. സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ തന്റെ വളര്‍ച്ചയ്ക്കും സഹായകമാകും എന്ന തിരിച്ചറിവാണ് ആദ്യം ആവശ്യം.

കൃത്യനിഷ്ഠ

മേലുദ്യോഗസ്ഥര്‍ ഏല്‍പിക്കുന്ന ജോലികള്‍ കൃത്യസമയത്തു തീര്‍ക്കുക മാത്രമല്ല, കൃത്യസമയത്ത് തുടങ്ങുന്നതും പ്രധാനമാണ്. ഒരു മിനിറ്റും നേരത്തെയാകാനും ഒരു മിനിറ്റു വൈകാനും പാടില്ല.കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് പ്രൊഫഷണലില്‍ മാത്രമല്ല ജീവിതത്തിലും വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് ഇതിനോടനുബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൃത്യബനിഷ്ഠയുള്ള ഒരു വ്യക്തിയുടെ വാക്കുകളെ സ്ഥാപനം മുഖവിലയ്ക്ക് എടുക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അര്‍പ്പണബോധം

ആത്മാര്‍ഥതക്കൊപ്പം അനിവാര്യമായ കാര്യമാണ് അര്‍പ്പണ മനോഭാവം. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രമാകണം ശ്രദ്ധ. തീര്‍ത്തും അര്‍പ്പണബോധത്തോടെ അതു ചെയ്യുക. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം, മള്‍ട്ടി ടാസ്‌കിംഗ് തുടങ്ങിയ രീതികള്‍ ചെയ്യുന്ന ജോലിയുടെ ഗുണമേന്മ കുറയ്ക്കും. അതിനാല്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കിയ ശേഷം മാത്രം മറ്റൊന്ന് തെരഞ്ഞെടുക്കുക.

ജോലിയിലെ മികവ്

ഇത് സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ് ജോലിയിലെ മികവ് എന്ന ഗുണം. പരിശീലനത്തിലൂടെ ഒരു വ്യക്തിക്ക് കൂടുതല്‍ മികവ് നേടാം. മറ്റു വ്യക്തികള്‍ എങ്ങനെയാണു ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നത് എന്നും മികവോടെ ചെയ്യുന്നത് എന്നും കണ്ടു പഠിക്കുക. മുതിര്‍ന്ന വ്യക്തികളെ മാതൃകയാക്കുന്നതില്‍ യാതൊരു മടിയും കാണിക്കേണ്ട കാര്യമില്ല.

ധാര്‍മിക മൂല്യങ്ങള്‍

ഓരോ വ്യക്തിയുടെയും വിജയം അയാള്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും ധാര്‍മികമായ മൂല്യങ്ങള്‍ നിലനിര്‍ത്തുക. നല്ല സ്വഭാവം, ചിന്തകള്‍, മറ്റുള്ളവരോടുള്ള ഇടപെടല്‍ എന്നിവ അനിവാര്യമാണ്. സ്ഥാപനത്തിന്റെ രാഷ്ട്രീയവും വ്യക്തി രാഷ്ട്രീയവും പരസ്പരം ചേര്‍ക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക.

ആത്മവിശ്വാസം

ആത്മാര്‍ത്ഥത പോലെ തന്നെ പ്രധാനമാണ് ആത്മവിശ്വാസം. തന്നെ ഏല്‍പ്പിക്കുന്ന ജോലി ഉദ്ദേശിക്കുന്ന മികവില്‍ കൃത്യ സമയത്ത് ചെയ്ത തീര്‍ക്കാന്‍ സാധിക്കുമെന്ന ഉറപ്പ് ആദ്യം സ്വയം ഉണ്ടാക്കിയെടുക്കണം.ലോകത്തെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. അത്തരം ഒരു ശക്തിയില്‍ വിശ്വസിക്കാന്‍ കഴിയണം. തന്നില്‍ തന്നെയുള്ള വിശ്വസവുമാകാം ആ ശക്തി.

നാളേക്ക് മാറ്റി വയ്ക്കരുത്

ഇന്ന് ചെയ്യാനുള്ള ജോലികള്‍ ഇന്ന് തന്നെ തീര്‍ക്കണം. അത് നാളേക്ക് മാറ്റി വയ്ക്കുയന്നത് ശരിയായ നടപടിയല്ല. കൃത്യനിഷ്ഠയാര്‍ന്ന ജോലിക്ക് ഇത് തടസമാണ്.ഒരു ജോലി നാളേക്ക് മാറ്റി വയ്ക്കുമ്പോള്‍ അടുത്ത ദിവസം വര്‍ക്ക് ലോഡ് കൂടുന്നു. മാത്രമല്ല, കൃത്യ സമയത്ത് ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് സ്ഥാപനത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

ആരോഗ്യവാനായിരിക്കുക

എങ്ങനെ തൊഴിലില്‍ മികവ് നേടാം എന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും വിട്ടുപോകുന്ന കാര്യമാണ് ആരോഗ്യം. നല്ല ആരോഗ്യത്തമുണ്ടെങ്കില്‍ മാത്രമേ നല്ല രീതിയില്‍ തൊഴില്‍ ചെയ്യാനാകൂ.രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കുകയും സമയത്തു ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. ഓവര്‍ടൈം ഇരുന്നു ജോലി ചെയ്യുന്നതും ദീര്‍ഘകാല ഫലങ്ങളെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആശാസ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version