തിമിംഗലങ്ങളില്‍ നിന്നുലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസ് പിടിച്ചെടുത്തു എന്ന വാര്‍ത്ത സമീപകാലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്താണ് ഈ കോടികള്‍ വിലമതിക്കുന്നത് എന്ന് അവകാശപ്പെടുന്ന ആംബര്‍ ഗ്രീസിന് പിന്നിലെ രഹസ്യം?
കുടലില്‍ ദഹനപ്രക്രിയയുടെ ഭാഗമായി നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു സ്വാഭാവിക ഉല്പന്നമാണിത്. ഒരു വിസര്‍ജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.ആയുര്‍വേദത്തിലും യുനാനിയിലും മരുന്നുകള്‍ നിര്‍മിക്കാനും സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും ആംബര്‍ഗിസ് ഉപയോഗിച്ചിരുന്നു.എണ്ണ തിമിഗലങ്ങളില്‍ നിന്നുമാണ് ആംബര്‍ഗ്രീസ് ലഭിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ തിമിംഗല ശര്‍ദ്ദില്‍ അല്ല.
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട്/കൊക്ക്, നാക്ക്/പേന (internal shell) എന്നിവ ആമാശയത്തില്‍ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയില്‍ തിമിംഗലങ്ങള്‍ ഇങ്ങനെ ദഹിക്കാതെ ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ഛര്‍ദ്ദിച്ചു പുറത്തുകളയുകയാണ് പതിവ്. എന്നാല്‍ ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളില്‍ ദഹിക്കാത്ത കണവചുണ്ടുകളും മറ്റും ചെറുകുടലില്‍ എത്തും. അവിടെ എത്തിക്കഴിഞ്ഞാല്‍, കൂര്‍ത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളില്‍ ഉരഞ്ഞ് ഒരു കൊഴുപ്പുള്ള സ്തുവിനെ സ്രവിപ്പിക്കുന്നു.
ചെറുകുടല്‍ ഇതിലെ വെള്ളം വലിച്ചെടുക്കുന്നതിലൂടെ ക്രമേണ ഇവ ഉറപ്പുള്ള പാറപോലെ ഒരു വസ്തുവായി മാറുന്നു. ഇത്തരം പ്രക്രിയകള്‍ ആവര്‍ത്തിക്കപ്പെടുകയും മലാശയത്തില്‍ വച്ച് നിരവധി പാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ക്രമേണ വലുതാവുകയും പിന്നീട് ഇത് ആംബര്‍ഗ്രിസ് ആയി മാറുകയും ചെയ്യും.വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബര്‍ഗ്രിസ് അപൂര്‍വവസ്തുവായി കണക്കാക്കുന്നു.
ആംബര്‍ഗ്രീസിന്റെ വ്യാപാരം നിയമം മൂലം തടയപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്ല.മാലിദ്വീപ്, ന്യൂസിലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വ്യാപാരം നടക്കുന്നുണ്ട്.
ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടികയിലാണ് എണ്ണത്തിമിംഗലങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംബര്‍ഗ്രിസ് ഇവയുടെ ഒരു വിസര്‍ജ്യവസ്തുവെന്ന നിലയില്‍ കണക്കാക്കിയാലും നിയമത്തില്‍ ‘സംസ്‌കരിക്കാത്ത തിമിംഗല വിഭവം എണ്ണ നിലക്ക് കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.അടുത്തകാലത്ത് ഒന്നും ആംബര്‍ഗ്രിസിനുവേണ്ടി എണ്ണത്തിമിംഗലങ്ങളെ വേട്ടയാടുന്നതായുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മുന്‍കരുതല്‍ എന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നു.

