ശ്വാസകോശ കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് പുകവലിയാണ് കരണമെന്നാകും. എന്നാല്‍ അത് മാത്രമല്ല കാരണമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വാഹനങ്ങള്‍, പവര്‍ പ്ലാന്റുകള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണം ശ്വാസകോശ ക്യാന്‍സറിന്റെ ഒരു പ്രധാന കാരണമാണ്. നിലവില്‍ ഇത്തരം സാഹചര്യങ്ങള്‍ മൂലം അസുഖം ബാധിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍.
വിഷമയമായ ഈ വായുവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. മാത്രമല്ല, PM 2.5 കണങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആളുകളുടെ ആരോഗ്യം പ്രത്യേകിച്ച് അപകടത്തിലാണെന്ന് ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പാരമ്പര്യമായും ശ്വാസകോശ ക്യാന്‍സര്‍ വന്നേക്കാം.
വാഹനങ്ങളിലെ പുകയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള റഡോണ്‍ ശ്വസിക്കുന്നവര്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവര്‍ക്കൊപ്പം ദിവസേന ഇടപഴകുന്നതും ദുര്‍ബലരായ വ്യക്തികളില്‍ ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇക്കൂട്ടര്‍ക്ക് ഹൃദയാഘാതവും മറ്റ് രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.
ഇതിനെല്ലാം പുറമെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി അവഗണിക്കുന്ന ആസ്ബറ്റോസ്, ആര്‍സെനിക്, സിലിക്ക, ഡീസല്‍ എക്സ്ഹോസ്റ്റ്, കീടനാശിനികള്‍, പൊടി, പുക എന്നിവയും ഗുരുതരമായ രീതിയില്‍ കാന്‍സറിന് കാരണമാകുന്നു. ശ്വാസകോശ അര്‍ബുദം തടയുന്നതിനായി മരപ്പണിക്കാര്‍, റിഫൈനറി ജീവനക്കാര്‍ എന്നിവര്‍ ഇത്തരം അപകടകരമായ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പരമാവധി കുറയ്ക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

