ഒരു വീട് നിര്‍മിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ചിരകാല സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്തെന്നാല്‍, ഒരായുസ്സിന്റെ നീക്കിയിരുപ്പ് മുഴുവന്‍ വിനിയോഗിച്ചും ബാക്കി തുക വായ്പയെടുത്തും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വീട് നിര്‍മിക്കുന്നു. പിന്നീട് വായ്പ അടവിനായി ശേഷിച്ച കാലം ഓടി തീര്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വീട് വയ്ക്കുന്നതിനും അനുബന്ധ കടങ്ങള്‍ തീര്‍ക്കുന്നതിനും മാത്രമായി ഒരു ജീവിതത്തിന്റെ ഏറിയ പങ്കും വിനിയോഗിക്കുന്നു. ഇങ്ങനെ നിര്‍മിക്കുന്ന വീട് പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ടത് അല്പം ഭയം ജനിപ്പിക്കുന്ന കാര്യം തന്നെയാണ്.

ഈ അവസരത്തിലാണ് തായ്ലന്‍ഡ് മോഡല്‍ വീടുകള്‍ പ്രസക്തമാകുന്നത്. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മിക്കാവുന്ന പ്രീഫാബ് വീടുകളാണ് തായ്ലന്‍ഡ് മോഡല്‍ വീടുകള്‍. പ്രളയം രൂക്ഷമായ തായ്ലന്‍ഡില്‍ പ്രളയത്തെ ചെരുക്കുന്നതിനായ് നിര്‍മിച്ച മാതൃകകളാണവ. കേരളത്തില്‍ കല്ല്, മണ്ണ്, സിമന്റ് എന്നിവയെല്ലാം കൊണ്ട് വീടുകള്‍ നിര്‍മിക്കുമ്പോള്‍ തായ്ലന്‍ഡ് മാതൃകയിലുള്ള വീടുകള്‍ നിര്‍മിക്കുന്നത് TPI ബോര്‍ഡുകള്‍ ഉപയോഗിച്ചാണ്. തായ്ലന്‍ഡില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ബോര്‍ഡുകള്‍. ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്.

അതിനാല്‍ തന്നെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടിനകത്ത് വെള്ളം കയറുമെന്ന ഭീതി വേണ്ട. വലിയ കുഴികളില്‍ വീപ്പ ഇറക്കിവച്ച് കോണ്‍ക്രീറ്റ് ചെയ്ത് അതിനുമുകളില്‍ ജിഐ ഫ്രയിമുകള്‍ നാട്ടി വീടിന്റെ മാതൃകയൊരുക്കി അതിനും മുകളില്‍ ബോര്‍ഡ് വിരിച്ചു അടിത്തറ ഒരുക്കിയാണ് വീടിന്റെ നിര്‍മാണം. ചുവരുകളും മേല്‍ക്കൂരയും സ്‌ക്രൂ ചെയ്തുറപ്പിക്കുന്നു. TPI ബോര്‍ഡുകള്‍ കൊണ്ട് ഒരു കാര്‍പ്പെന്‍ഡറുടെ സഹായത്താല്‍ ആര്‍ക്കും എവിടെ വേണമെങ്കിലും ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ വീട് പൊളിച്ചുമാറ്റി മറ്റൊരിടത്ത് അതെ മെറ്റേറിയല്‍ ഉപയോഗിച്ച് പുനര്‍നിര്‍മിക്കാം.

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികള്‍, ഒരു അറ്റാച്ഡ് ബാത്‌റൂം, ഒരു കോമണ്‍ ബാത്‌റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോര്‍ഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തു. ഇത്തരത്തില്‍ ചെറുതും വലുതുമായി വീടുകള്‍ നിര്‍മിക്കാം. വര്‍ഷം മുഴുവന്‍ കടുത്ത ചൂടും കാറ്റും നിലനില്‍ക്കുന്ന കാലാവസ്ഥയാണ് അട്ടപ്പാടിയിലേത്. തായ്ലന്‍ഡ് മാതൃകയിലുള്ള ഇ വീടുകള്‍ പ്രസ്തുത കാലാവസ്ഥക്ക് ഇണങ്ങുന്നവയാണ്.കാറ്റ് പിടിക്കില്ല, മഴ പെയ്താല്‍ അകത്ത് ശബ്ദം കേള്‍ക്കില്ല, തണുപ്പ് അകത്തേക്ക് കടത്തിവിട്ടില്ല തുടങ്ങി ഇത്തരം വീടുകള്‍ക്ക് പ്രത്യേകതകള്‍ നിരവധിയാണ്. തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ CSR പദ്ധതികളുമായി സഹകരിച്ചു ഇത്തരം വീടുകള്‍ നിര്‍മിക്കുന്നുണ്ട്. ധനുഷ്‌കോടിയില്‍ ഇത്തരത്തില്‍ 500 വീടുകളാണ് നിര്‍മ്മിക്കേണ്ടത്.

