ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ വീട് കയറി മോഷണം, വീടുകടന്നാക്രമണം തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്തവയായിരുന്നു. വല്ലപ്പോഴും കേള്‍ക്കുന്നതാകട്ടെ ഒറ്റപ്പെട്ട സംഭവങ്ങളുടെ വിവരണവും. പലപ്പോഴും വീടുകളുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കുമായിരുന്നു, രാത്രികാലങ്ങളില്‍ ചൂട് ശമിപ്പിക്കുന്നതിനായി ജനാലകളും തുറന്നിടുമായിരുന്നു.
എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ പോലും ഇത്തരം ഒരു സൗകര്യം ലഭ്യമല്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ലേസര്‍ കട്ടര്‍ കൊണ്ട് പൂട്ട് തകര്‍ത്ത അകത്ത് കടന്ന് മെറ്റല്‍ / ഗോള്‍ഡ് ഡിക്റ്ററ്ററുകള്‍ ഉപയോഗിച്ച് വീട്ടില്‍ എവിടെയാണ് സ്വര്‍ണം വച്ചിരിക്കുന്നത് എന്ന് കണ്ടെത്തി മോഷണം നടത്തുന്ന വിരുതന്മാരാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്. ഇവരെ ചെറുക്കുന്നതിനായി മുന്‍നിര ബ്രാന്‍ഡുകളുടെ ലോക്കുകളും ഉയരമേറിയ മതിലുകളും ശൗര്യമുള്ള നായ്ക്കളും ഒന്നും പര്യാപതമല്ല.
പ്രതിരോധമാണ് ഈ അവസരത്തില്‍ ഏറ്റവും മികച്ച മാര്‍ഗം. മോഷണം തടയുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. 10000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ മുടക്കി ചെയ്യാവുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. വീടിന്റെ വലുപ്പം, പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം, പ്രത്യേക ശ്രദ്ധ വേണ്ട ഇടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏതു തരത്തില്‍ പെട്ടവ വേണം എന്ന് നിര്‍ണയിക്കുക.
90 ശതമാനം സുരക്ഷാ മുന്‍കരുതലുകളും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബര്‍ഗ്‌ളര്‍ അലാറം, സിസിടിവി ,വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ സംവിധാനങ്ങളാണ് അടിസ്ഥാനപരമായി ഒരു വീടിന്റെ സുരക്ഷക്കായി ഉപയോഗിക്കുന്നത്.വീട് പണിയുമ്പോള്‍ ഒരു നിശ്ചിത തുക ഇവ സ്ഥാപിക്കുന്നതിനായി ചെലവഴിച്ചാല്‍ ശേഷിച്ചകാലം സുരക്ഷാ പേടിയില്ലാതെ ജീവിക്കാം.
ബര്‍ഗ്‌ളര്‍ അലാറം:
വലിപ്പ ചെറുപ്പ വ്യത്യസം കൂടാതെ എല്ലാ വീടുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സുരക്ഷാ ഉപകരണമാണ് ബര്‍ഗ്ലര്‍ അലാറം. വീട്ടില്‍ കവര്‍ച്ച തടയാന്‍ ഈ ഉപകരണം സഹായിക്കുന്നു. അനധികൃതമായി ആരെങ്കിലും വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിയ്ക്കുന്ന അലാറം വലിയ ശബ്ദത്തില്‍ മുഴങ്ങും.

ഇപ്പോള്‍ ഗ്ലാസിന്റെ വൈബ്രേഷന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അലാറവും നിലവില്‍ ഉണ്ട്. പ്രധാന വാതിലുകളോട് ചേര്‍ന്നാണ് ബര്‍ഗ്‌ളര്‍ അലാറം വയ്ക്കുക. ആവശ്യമെങ്കില്‍ ഗൃഹനാഥന് ബാഗ്ലര്‍ അലാറം നിശ്ചിത സമയത്തേക്ക് പ്രവര്‍ത്തന രഹിതമാക്കുവാനായി സാധിക്കും. വീടിന്റെ ഉള്ളില്‍ നിന്നാണ് ഇതിന്റെ പ്രവര്‍ത്തനമത്രയും. ഇലക്ട്രിക്, ബാറ്ററി ബാക്ക് അപ്പോട് കൂടിയ ബര്‍ഗ്ലര്‍ അലാറത്തിന് 4800 രൂപയാണ് തുടക്ക വില.
സിസിടിവി:
വീട് സുരക്ഷ നടപടികളുടെ രണ്ടാംഘട്ടമാണ് വീടിന് ചുറ്റും സിസി ടിവി സ്ഥാപിക്കുക എന്നത്.ഇന്ന് നഗരപ്രദേശങ്ങളില്‍ വീടുകളില്‍ ഇത് സര്‍വസാധാരണമാണ്. വീടിന്റെ പ്രധാനകവാടങ്ങളെ ചുറ്റിപ്പറ്റിയും കോമ്പൗണ്ട് വാളിന് ഉള്ളിലുമാണ് സിസി ടിവി സ്ഥാപിക്കുക.

സിസി ടിവി സ്ഥാപിക്കുക വഴി വീടിന് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അപകടം നടക്കുന്ന പക്ഷം തെളിവുകള്‍ അവശേഷിക്കുകയും ചെയ്യുന്നു.
ഇന്റര്‍കോം:
വൃദ്ധരായ അച്ഛനും അമ്മയും ഉള്ള വീടാണ് എങ്കില്‍ ഈ ഫെസിലിറ്റി പ്രയോജനപ്പെടും. ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്ന് കൊണ്ട് മൈക്രോഫോണ്‍, ലൌഡ് സ്പീക്കര്‍ എന്നിവ വഴി പുറമെയുള്ളവരോട് ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഇന്റര്‍കോം. ഇന്റര്‍കോം സംവിധാനത്തെ ടെലിഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ഡോര്‍ ക്യാമറകള്‍ എന്നിവ വഴി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.

ഈ മാര്‍ഗങ്ങള്‍ വഴിയും മേല്‍പ്പറഞ്ഞ രീതിയില്‍ പായ സന്ദേശങ്ങള്‍ കൈമാറാനാകും. അതായത് സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് നേരിട്ട് തിട്ടടുത്ത മുറിയിലേക്കും കമ്പ്യൂട്ടര്‍ മുഖാന്തിരം മൈലുകള്‍ക്കപ്പുറത്തുള്ള വ്യക്തിയിലേക്ക് വരെ സന്ദേശങ്ങള്‍ കൈമാറാന്‍ ഇതുകൊണ്ട് കഴിയും.മാതാപിതാക്കളെയും കുട്ടികളെയും വീട്ടില്‍ ഒറ്റക്കാക്കി ജോലിക്ക് പോകാന്‍ ഇനി മടി വേണ്ട.
വീഡിയോ ഡോര്‍ ഫോണ്‍:
വീട് സുരക്ഷ മാര്‍ഗങ്ങളിലെ മറ്റൊരു പ്രധാനതാരമാണ് വീഡിയോ ഡോര്‍ ഫോണുകള്‍. ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വീഡിയോ സിസ്റ്റമാണത്. രണ്ടു കാമറകള്‍ ഇതില്‍ ഉണ്ടായിരിക്കും. ഒന്ന് മുന്‍വശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. വീടിനുളില്‍ ആരെങ്കിലും അതിക്രമിച്ചു കയറി എന്നതിന്റെ അപായ സൂചനകള്‍ ലഭിക്കുകയോ സംശയങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം ഫോണിലെ സ്‌ക്രീനില്‍ ഉടമക്ക് കാര്യങ്ങള്‍ അറിയാനാകും.

ക്യാമറ, ലോക്കിംഗ്, അലാം, വിവരസാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്പ്‌സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടോമേഷന്‍ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിവ വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

