ബിസിനസ് മാത്രമല്ല രത്തന്‍ ടാറ്റ എന്ന വ്യക്തിയുടെ മുഖമുദ്ര. ചാരിറ്റി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പിലാക്കിയ വ്യക്തി കൂടെയായിരുന്നു അദ്ദേഹം. 370 ബില്യണ്‍ യുഎസ് ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു. ഇതില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുന്നതിനും മികച്ച പദ്ധതികള്‍ ഈ രംഗത്ത് ആവിഷ്‌ക്കരിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന വിഭാഗമാണ് ടാറ്റ ട്രസ്റ്റ്.
ടാറ്റ സണ്‍സിന്റെ ഇക്വിറ്റിയുടെ അറുപത്തിയാറു ശതമാനവും ടാറ്റ ട്രസ്റ്റിന്റെ കൈവശമാണ്.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് ഇതില്‍ നിന്നുള്ള വിഹിതമാണ്. ഈ തുക മുഴുവന്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക. രത്തന്‍ ടാറ്റയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാരണം കമ്പനിയില്‍ നിന്നു ലഭിക്കുന്ന ലാഭം അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയായി മാറുന്നില്ല എന്നതിനാല്‍ത്തന്നെ വരുമാനം ഉണ്ടായിട്ടും ലോകസമ്പന്നരുടെ പട്ടികയിലൊന്നും രത്തന്‍ ടാറ്റ ഇടം പിടിക്കുന്നില്ല എന്നതാണ് വാസ്തവം.
കോവിഡ് കാലത്ത് ചികിത്സ, കൊറന്റൈന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി ടാറ്റ നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്. സമാനമായ രീതിയിലാണ് മൃഗങ്ങള്‍ക്കായി തീര്‍ത്ത ആശുപത്രിയും. 165 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ മൃഗാശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും എല്ലാവിധ സൗകര്യങ്ങളും ഉള്ള സംരംഭമാണ്.

