ഒരു നിവൃത്തിയില്ലാതെ പിച്ചച്ചട്ടിയെടുത്തവര്‍ ധാരാളമുള്ള രാജ്യമാണ് ഇന്ത്യ. ട്രാഫിക് സിഗ്‌നലുകളിലും ആരാധനാലയങ്ങളുടെ പരിസരത്തുമെല്ലാം ഭിക്ഷായാചനം നടത്തുന്നവരെ നമുക്ക് കാണാനാവും. എന്നാല്‍ കണ്ടതൊന്നുമല്ല നിജം എന്ന് തിരിച്ചറിയുന്നത് ഭിക്ഷാടന ബിസിനസിനെ കുറിച്ച് കൂടി അറിയുമ്പോഴാണ്. ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള മേഖലകളിലൊന്നാണ് ഭിക്ഷാടനം. 1.5 ലക്ഷം കോടി രൂപ വലിപ്പമുള്ള ഇന്‍ഡസ്ട്രിയാണിതെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പ്രത്യേകിച്ച് ഇന്‍വെസ്റ്റ്മെന്റൊന്നും ആവശ്യമില്ലാതെ തുടങ്ങാവുന്ന ഒരു ബിസിനസാണിത്. നിക്ഷേപിക്കാന്‍ പണം വേണ്ട. എന്നാല്‍ സ്‌കില്‍ തീര്‍ച്ചയായും വേണം. മറ്റുള്ളവരുടെ കൈവശമുള്ള പണം സ്വന്തം പോക്കറ്റിലേക്കെത്തിക്കാന്‍ അത്യാവശ്യം എഫര്‍ട്ട് ഇവിടെയും വേണ്ടിവരും. ദൈന്യതയില്‍ മനസലിയുന്ന ആളുകളാണ് ഈ ഇന്‍ഡസ്ട്രിയെ നിലനിര്‍ത്തുന്നത്.
ഭിക്ഷാടനം എത്രമാത്രം ലാഭകരമായ ബിസിനസാണ് എന്നറിയാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഏതാനും ഭിക്ഷക്കാരെ പരിചയപ്പെട്ടാല്‍ മതി. ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരന്‍ മുംബൈ നഗരത്തിലാണുള്ളത്. ഭാരത് ജയിന്‍ എന്നു പേരുള്ള അദ്ദേഹത്തിന്റെ ആസ്തി 7.5 കോടി രൂപയാണ്. ടീനേജ് പ്രായത്തില്‍ തുടങ്ങിയ ഭിക്ഷായാചനം 54 ാം വയസിലും തുടരുകയാണ് ജയിന്‍. ഞത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നാല്‍ അദ്ദേഹത്തെ കാണാം. 10 മുതല്‍ 12 മണിക്കൂര്‍ ഭിക്ഷ യാചിക്കുന്ന ഭാരത് ജയിന്റെ പ്രതിദിന വരുമാനം ശരാശരി 2000-2500 രൂപയാണ്.
പരേലില്‍ 1.2 കോടി രൂപ വിലയുള്ള ഒരു 2 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റിലാണ് ജയിനും കുടുംബവും താമസം. കുടുംബം അവിടെ ഒരു സ്റ്റേഷനറി കട നടത്തുന്നുണ്ട്. ഥാനെയില്‍ 30000 രൂപ പ്രതിമാസ വാടക ലഭിക്കുന്ന രണ്ട് കടമുറികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇതൊക്കെയാണെങ്കിലും ചെറുപ്പകാലം മുതല്‍ പഠിച്ച പണി നിര്‍ത്താന്‍ ഭാരത് ജയിന്‍ തയാറല്ല. പണത്തോട് ആര്‍ത്തിയൊന്നുമില്ല. പക്ഷേ ഭിക്ഷായാചനം ഏറെ ആസ്വദിക്കുന്നെന്നും ഈ ജിവിതരീതി ഇനി മാറ്റാന്‍ പറ്റില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കുടുംബം ആവര്‍ത്തിച്ചു പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം രാവിലെ സിഎസ്ടി സ്റ്റേഷനില്‍ പതിവുപോലെ ഹാജരാകും.
ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരന്‍ മുംബൈ നഗരത്തിലാണുള്ളത്. ഭാരത് ജയിന്‍ എന്നു പേരുള്ള അദ്ദേഹത്തിന്റെ ആസ്തി 7.5 കോടി രൂപയാണ്
കോടീശ്വരന്‍മാരായ വേറെയും ഭിക്ഷാടകരുണ്ട് ഇന്ത്യയില്‍. മുംബൈയിലുള്ള സംഭാജി കാലെയുടെ ആസ്തി 1.5 കോടി രൂപയാണ്. ലക്ഷ്മീദാസിന് 1 കോടി രൂപ ആസ്തിയുണ്ട്.
രാജ്യത്ത് ഭിക്ഷാടനം നിയമം മൂലം നിഷേധിച്ചിട്ടുണ്ടെങ്കിലും കര്‍ശന നടപടികള്‍ പലപ്പോഴും വിലപ്പോകുന്നില്ല. ഭിക്ഷാടനം പരിചയിച്ചവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല. അനായാസം പണം ലഭിക്കുമെങ്കില്‍ കഷ്ടപ്പെടുന്നതെന്തിന്! ഭിക്ഷാടന റാക്കറ്റുകളും രാജ്യത്ത് സജീവമാണ്. പലപ്പോഴും ഭിക്ഷക്കാര്‍ തന്നെയാണ് ഇത്തരം റാക്കറ്റുകളുടെ ഉടമകള്‍.

