ഇന്ത്യക്കാരുടെ സഞ്ചാരശീലം വര്‍ധിക്കുന്നെന്ന് കണക്കുകള്‍. മേക്ക് മൈ ട്രിപ്പില്‍ നിന്നുള്ള ട്രാവല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് പ്രകാരം, പ്രതിവര്‍ഷം 3 ല്‍ കൂടുതല്‍ യാത്രകള്‍ നടത്തുന്ന ആളുകളുടെ എണ്ണം 2019 നെ അപേക്ഷിച്ച് 2023 ല്‍ 25 ശതമാനം വര്‍ദ്ധിച്ചു.
മുന്നില്‍ മൂന്നാറും ജിം കോര്‍ബറ്റും
ഉത്തരാഘണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലേക്കുള്ള സന്ദര്‍ശന സൗകര്യം തേടി തിരച്ചില്‍ നടത്തുന്നവരുടെ എണ്ണം 2023 ല്‍ 131 ശതമാനം വര്‍ധിച്ചു. മലയോര ഡെസ്റ്റിനേഷനുകളായ ഊട്ടിയും മൂന്നാറും പ്രിയങ്കരങ്ങളായി മാറിയെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടി.
ആത്മീയ ടൂറിസം
ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആത്മീയ യാത്രകള്‍ക്കായി വലിയ അന്വേഷണങ്ങളുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മതപരമായ സ്ഥലങ്ങള്‍ക്കായുള്ള തിരയലുകളില്‍ 97 ശതമാനം വളര്‍ച്ചയുണ്ടായി. 2022 നെ അപേക്ഷിച്ച് 2023 ല്‍ അയോധ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ 585 ശതമാനം വര്‍ധിച്ചു. ഉജ്ജയിന്‍ തേടിയുള്ള അന്വേഷണങ്ങളില്‍ 359 ശതമാനവും ബദരീനാഥിനായുള്ള തിരച്ചില്‍ 343 ശതമാനവും വര്‍ദ്ധിച്ചു.
ദുബായ് മുതല്‍ ലണ്ടന്‍ വരെ
അന്താരാഷ്ട്ര യാത്രകളിലും ഇന്ത്യക്കാര്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചു. ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ക്കായാണ് മൊത്തം തിരയലുകളുടെ 30 ശതമാനവും. ലണ്ടന്‍, ടൊറന്റോ, ന്യൂയോര്‍ക്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങള്‍.
സ്ത്രീകള്‍ക്ക് വിന്‍ഡോ സീറ്റ്
സ്ത്രീകള്‍ വിന്‍ഡോ സീറ്റുകളിലിരുന്നുള്ള യാത്രയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം പുരുഷന്മാര്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇടനാഴിയോട് ചേര്‍ന്ന സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇഷ്ടഭക്ഷണം സാന്‍വിച്ച്
ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട ഇന്‍-ഫ്ലൈറ്റ് ഭക്ഷണം തക്കാളി കുക്കുമ്പര്‍ ചീസ് ലെറ്റൂസ് സാന്‍വിച്ചാണ്.
ആഭ്യന്തരമായും ആഗോളതലത്തിലും ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നതിന് ഇന്ത്യന്‍ സഞ്ചാരികളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന യാത്രാ സ്വഭാവ രീതികള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് മേക്ക്മൈട്രിപ്പിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറഞ്ഞു. ടൂറിസം മേഖലയില്‍ ഇന്ത്യ ഒരു കരുത്തുറ്റ ശക്തിയായി ഉയര്‍ന്നുവരുമ്പോള്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ യാത്ര, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡിമാന്‍ഡും വിതരണ വിടവുകളും നികത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

