അമിതവണ്ണം മൂലമുണ്ടാകുന്ന വിപത്തുകളുടെ കാരണം അതാണ് എന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല. ഏകദേശം 140 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണമുള്ള ആളുകള്‍ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഞ്ചാബിന് തൊട്ടടുത്ത് മൂന്നാമതായാണ് കേരളത്തിന്റെ സ്ഥാനം. പലര്‍ക്കും വണ്ണം ഒരു സൗന്ദര്യപ്രശ്നം മാത്രമാണ്. എന്നാല്‍ ഫാറ്റി ലിവര്‍, വന്‍കുടല്‍ കാന്‍സറടക്കമുള്ള വിവിധ രോഗങ്ങള്‍ എന്നിവയ്ക്ക് പൊണ്ണത്തടി കാരണമാകുന്നു.
അരക്കെട്ടിന്റെ ചുറ്റളവ് വര്‍ധിക്കുന്നത് ഹൃദയസംബന്ധമായ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്. ഉദാസീനമായ ജീവിതശൈലിയും സമ്പന്നമായ ഭക്ഷണക്രമവുമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങള്‍. അമിതമായ മൊബൈല്‍ ഉപയോഗമാണ് കുട്ടികളിലെ അമിതവണ്ണത്തിന്റെ ഒരു പ്രധാന കാരണം. ഇതിന് പരിഹാരമായി വീട്ടില്‍ ആരോഗ്യകരമായ ഭക്ഷണരീതി അവലംബിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
അമിതവണ്ണം കുറയ്ക്കുന്നതിനായുള്ള മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും അവ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എണ്ണം മരുന്നുകള്‍ കഴിച്ചു വണ്ണം കുറയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഫലപ്രദം ആരോഗ്യകരമായ ജീവിത രീതികളിലൂടെ ഘട്ടം ഘട്ടമായി വണ്ണം കുറയ്ക്കുന്നതാണ്. അമിതവണ്ണം കുറയ്ക്കാനായി ഉപയോഗപ്പെടുത്തുന്ന കീറ്റോ ഡയറ്റ് ഹ്രസ്വകാലത്തേയ്ക്ക് ഫലപ്രദമാണെങ്കിലും ഒരു വര്‍ഷത്തിന് മുകളിലേയ്ക്കുള്ള ശരീരഭാര ക്രമീകരണം തീര്‍ത്തും വ്യത്യസ്തമാണ്.
ദിവസവും 5000 സ്റ്റെപ്പ് എങ്കിലും നടക്കുക എന്നതാണ് അമിതവണ്ണത്തെ ചെറുക്കുന്നതിനുള്ള ആദ്യപടിയായി ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നിട്ടും വണ്ണം കുറയാത്തവര്‍ക്ക് ശസ്ത്രക്രിയയാണ് പരിഹാരം. സ്ലീവ് ഗ്യാസ്ട്രോപ്ലാസ്റ്റിയാണ് ഇന്ത്യയില്‍ സാധാരണയായി നടത്തുന്ന ബരിയാട്രിക് ശസ്ത്രക്രിയ.

