ഒരു സ്ഥാപനത്തിലേക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട സമീപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ശമ്പളം നല്‍കുക എന്നത്. വരുമാനത്തിന് വേണ്ടിയാണു പ്രാഥമികമായും ആളുകള്‍ ജോലി ചെയ്യുന്നത്. അതിനാല്‍ ചെയ്യുന്ന തൊഴിലിനു ആനുപാതികമായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ തന്നെ തൊഴിലാളികള്‍ സ്ഥാപനത്തോടൊപ്പം നില്‍ക്കും.
ഇന്‍ഡസ്ട്രി സ്റ്റാഡേര്‍ഡ്സിന് യോജിച്ച രീതിയിലുള്ള ശമ്പളം ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. സ്ഥാപനം നഷ്ടത്തിലാകുമ്പോള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ശമ്പളം തടഞ്ഞു വയ്ക്കുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇത്തരം സാഹചര്യത്തിലാണ് തൊഴിലാളികള്‍ സ്ഥാപനത്തിന് എതിരായി പെരുമാറുന്നത്. സോഷ്യല്‍ മീഡിയയില്‍ തൊഴിലാളികള്‍ ശമ്പളപ്രശ്നം പങ്കുവച്ചതിനെ തുടര്‍ന്ന് പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇന്നത്തെകാലത്ത് തുടര്‍ക്കഥയാണ്.
തൊഴിലാളി സ്ഥാപനം ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല എന്ന് കരുതി ശമ്പളം വെട്ടിക്കുറക്കുന്ന രീതി നിങ്ങളുടെ സ്ഥാപനത്തിലുണ്ട് എങ്കില്‍, അത് മുന്‍കൂട്ടി പറയുക. മാത്രമല്ല, നിശ്ചിത കാലയളവില്‍ ശമ്പളം വര്‍ധിപ്പിക്കുകയും മികച്ച രീതിയില്‍ ജോലി ചെയ്ത് സ്ഥാപനത്തിന് നേട്ടമുണ്ടാക്കി നല്‍കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
വ്യക്തമായ ടാര്‍ജറ്റുകളിലൂടെയും പ്ലാനുകളിലൂടെയും ബിസിനസ് വര്‍ധിപ്പിക്കുക എന്ന രീതി സ്ഥാപനത്തിന് സ്വീകരിക്കാം. ടാര്‍ജെറ്റുകളെ തലവേദനയായി കാണാതെ ഇതിനോട് ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള ആളുകളെ വേണം അത്തരം ജോലിക്കായി തെരഞ്ഞെടുക്കാന്‍.നല്ല ഒരാള്‍ക്ക് നല്ല ശമ്പളം നല്‍കി എടുക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആശയവിനിമയം എളുപ്പമാകും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കാം, ഇതിലൂടെ സ്ഥാപനത്തിന്റെ ഇമേജ് വര്‍ധിക്കുന്നു.
ഒരേ തസ്തികയിലുള്ളവര്‍ക്ക് രണ്ടുതരത്തില്‍ ശമ്പളം നല്‍കുക, അത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്ഥാപനത്തില്‍ അസ്വസ്ഥത വളര്‍ത്തും. അതിനാല്‍ ശമ്പള സംബന്ധമായ കാര്യങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉചിതം.ഉയര്‍ന്ന ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ മോട്ടിവേഷന്‍ ലെവലും ഉയര്‍ന്നതായിരിക്കും.

