ജീവിതത്തില്‍ മോട്ടിവേഷന്‍ നിലനിര്‍ത്താന്‍ കഴിയുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് ഏറ്റവും അനിവാര്യമായ ഘടകം.നെഗറ്റിവ് ചിന്തകള്‍ നമ്മെ പിടികൂടുക എന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അതില്‍ നിന്നും ഒരു ബാറ്ററി റീചാര്‍ജ് ചെയ്യുന്ന രീതിയില്‍ സ്വയം പ്രചോദിതരായി മുന്നേറുക എന്നതാണ് പ്രധാനം.
മോട്ടിവേഷന്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തുവാന്‍ എന്താണ് ചെയ്യണ്ടത് എന്ന ചോദ്യം പല പ്രചോദന പ്രഭാഷകരും കാലങ്ങളായി നേരിടുന്നതാണ്. ചാര്‍ജ് തീരുന്നതിനനുസരിച്ച് വീണ്ടും ചാര്‍ജ് നിറയ്ക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് ബാറ്ററിയായി ഓരോ വ്യക്തിയും മാറുക എന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ട കാര്യം. നെഗറ്റിവ് ചിന്തകളെ പടിയിറക്കി പോസിറ്റിവിറ്റി പകരം സ്വയം സജ്ജമാകണം. ജീവിതത്തില്‍ എന്നെന്നും പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടാം.
1. വായന ശീലമാക്കുക
മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ പ്രയോജനം ചെയ്യുക വായനയാണ്. പ്രചോദനം നല്‍കുന്ന പുസ്തകങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കുക. ജീവിതത്തില്‍ വിജയം കൈവരിച്ച വ്യക്തികളുടെ കഥകള്‍ ഒരു മുതല്‍ക്കൂട്ടാണ്.ഒരു ദിവസം ഒരു 10 പേജെങ്കിലും വായിച്ചാല്‍ 15 ദിവസംകൊണ്ട് 150 പേജ് വായിച്ച് തീരും അങ്ങനെ മാസത്തില്‍ നിങ്ങള്‍ക്ക് രണ്ട് പുസ്തകമെങ്കിലും വായിച്ച് തീര്‍ക്കാന്‍ സാധിക്കും.

ഇത് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനൊപ്പം വായനയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. ഇതേ പാറ്റേണ്‍ പിന്തുടരാന്‍ കഴിഞ്ഞാല്‍ ഒരു കൊല്ലം കൊണ്ട് 24 പുസ്തകങ്ങള്‍ വായിച്ച് തീരുകയും ചെയ്യും. അറിവിലൂടെ പ്രചോദനം കണ്ടെത്താന്‍ ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗം എന്ന നിലക്ക് പുസ്തകവായന ഉടനടി പ്രവര്‍ത്തികമാക്കാവുന്നതാണ്.
2. മോട്ടിവേഷണല്‍ വീഡിയോകള്‍ കാണുക
ചില വിഷ്വലുകള്‍ക്ക് നമ്മുടെ മനസ്സില്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിനുള്ള കഴിവുണ്ട്. അതിനാല്‍ മോട്ടിവേഷന്‍ ലഭിക്കുന്ന തരത്തിലുള്ള വീഡിയോകള്‍, സിനിമകള്‍ എന്നിവ കാണുന്നത് ജീവിതത്തില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുന്നതിന് സഹായിക്കും. വീഡിയോകള്‍ക്ക് പുറമെ, ഓഡിയോകളും ഇത്തരത്തില്‍ സഹായകമാണ്.

ഇന്റര്‍നെറ്റ് എല്ലാവര്ക്കും ലഭ്യമായ ഇക്കാലത്ത് യുട്യൂബില്‍ ലഭ്യമായ വീഡിയോകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് മികച്ച കാര്യമാണ്. നിരന്തരമായി ഇങ്ങനെയുള്ള വീഡിയോകള്‍ കാണുക വഴി അല്ലെങ്കില്‍ ഓഡിയോകള്‍ കേള്‍ക്കുക വഴി നമ്മുടെ മോട്ടിവേഷന്‍ നിലനിര്‍ത്തുവാന്‍ നമുക്ക് സാധിക്കും.
3. വിജയികളുമായുള്ള ചങ്ങാത്തം
ജീവിതത്തില്‍ വിജയിച്ച വ്യക്തികളുമായി ചങ്ങാത്തം കൂടുക എന്നത് എളുപ്പമുള്ളതും വിജയത്തിലേക്ക് നടന്നടുക്കാന്‍ സഹായിക്കുന്നതുമായ കാര്യമാണ്. എന്നാല്‍ പലരെയും കോംപ്ലെക്‌സ് ഇതിനു അനുവദിക്കാറില്ല. വലുപ്പ ചെറുപ്പ ചിന്തകള്‍ക്കപ്പുറം ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കും.ജീവിതത്തെ ഒരിക്കലും നിശ്ചലമാക്കി നിലനിര്‍ത്താതിരിക്കുക. ജീവിതത്തില്‍ ഇപ്പോഴും പ്രചോദനാത്മകമായ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കട്ടെ.

4. മറ്റുള്ളവരെയും പ്രചോദിപ്പിക്കുക
കൊടുക്കുംതോറും വര്‍ധിക്കുന്ന ഒരു സ്വത്താണ് മോട്ടിവേഷന്‍ അഥവാ പ്രചോദനം. അതിനാല്‍ തനിക്ക് ചുറ്റുമുള്ള വ്യക്തികളെയും പ്രചോദിതരായി നിലനിര്‍ത്താന്‍ ശ്രമിക്കണം. നെഗറ്റിവിറ്റി എന്നത് ഒരു വൈറസ് പോലെയാണ്. അത് പെട്ടന്ന് പടര്‍ന്ന് പിടിക്കും. അതിനാല്‍ ചുറ്റുമുള്ള നെഗറ്റിവ് ചിന്താഗതിയോട് കൂടിയ ആളുകളെ പോസിറ്റിവ് ആക്കുക. അത് സ്വയം മോട്ടിവേറ്റഡ് ആയി നിലനില്‍ക്കാനും സഹായിക്കും.

