പാചകവാതകത്തിന്റെ വിലവര്ധനവിനെ പാട്ടി സ്ഥിരം പരാതി പറയുന്ന ഹോട്ടല്‍ ഉടമകള്‍ക്ക് ആശ്വസിക്കാം. ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ മൂന്നാംമാസവും കുറിച്ചിരിക്കുകയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.
19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ വില 1,685.5 രൂപയായി. തിരുവനന്തപുരത്ത് 1,706.5 രൂപയും കോഴിക്കോട്ട് 1,717.5 രൂപയുമാണ് വില. ഇതിനു മുന്‍പും സിലിണ്ടറുകള്‍ക്ക് വില കുറച്ചിരുന്നു. ഏപ്രില്‍ ഒന്നിന് 31.50 രൂപയും മേയ് ഒന്നിന് 19 രൂപയും ആണ് കുറച്ചത്. ഓരോ മാസവും ഒന്നാം തീയതിയാണ് ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി എണ്ണക്കമ്പനികള്‍എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത് അതിനാലാണ് ജോണ്‍ ഒന്നിന് വിലമാറ്റം വന്നത്.
എന്നാല്‍ പാചകവാതകത്തിന്റെ ഈ വിലക്കുറവ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ബാധകമല്ല. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് മാസത്തില്‍ വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. ഇത് പ്രകാരം കൊച്ചിയില്‍ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില.

