പുതിയമാസത്തില്‍ എല്‍പിജി മേഖലയില്‍ നിന്നും തിരിച്ചടി. രാജ്യത്ത് എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു. വിലവര്‍ദ്ധനവ് ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. വിലവര്‍ധനവില്‍ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 48.50 രൂപയാണ് ഉയര്‍ത്തിയത്. എന്നാല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിച്ചതോടെ ഹോട്ടലുകളിലെ ഭക്ഷ്യ നിരക്കും വര്‍ധിക്കും എന്നുറപ്പായി.
പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം സിലിണ്ടറിന് 1,740 രൂപ നല്‍കണം. മുമ്പ് ഇത് 1,691.50 രൂപയായിരുന്നു. ജൂലൈ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു. ഇതിനുശേഷം ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലകൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതി വില പുതുക്കുന്നതാണ് രീതി. അടിക്കടിയുണ്ടാകുന്ന ഈ വിലവര്‍ദ്ധനവ് ഹോട്ടല്‍ ഉടമകളെ ബാധിക്കുന്നുണ്ട്.
വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇത്തരത്തില്‍ വില കൂടുന്നത് ഹോട്ടല്‍, കേറ്ററിംഗ് യൂണിറ്റുകളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ പാമോയില്‍, സൂര്യകാന്തി എണ്ണ, വെളിച്ചെണ്ണ എന്നിവയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനൊപ്പം സിലിണ്ടര്‍ വിലയും കൂടിയത് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. പഴയ രീതിയില്‍ വിറകടുപ്പുകളിലേക്ക് തിരിയേണ്ട കാലം വിദൂരമല്ല എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്.

