ആനകള്‍ എന്നും അത്ഭുതവും ആവേശവുമാണ്. ഏത് പ്രായക്കാരെയും ഒരേ പോലെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ആന. കൂട്ടത്തില്‍ തൃശ്ശൂര്‍കാര്‍ക്ക് ആനകളോട് അല്പം താല്പര്യം കൂടുതലാണ്. ഈ താല്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിഫലനമാണ് തൃശൂര്‍ ചേര്‍പ്പിലുള്ള ആനക്കട! തിരുവുള്ളക്കാവ് ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ തുമ്പി ഉയര്‍ത്തിയ കൊമ്പന്റെ അഴകോടെയാണ് വ്യത്യസ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്.

കേരളത്തില്‍ ആനകള്‍ക്കായി ഡെഡിക്കേറ്റ് ചെയ്ത ഒരു കടയുണ്ടെങ്കില്‍ അത് ചേര്‍പ്പിലെ ഈ ചായക്കടയാണ്. തനി നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്ന ഈ ഹോട്ടലിന്റെ ഉള്ളിലാകെ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞതുമായ നാട്ടാനകളുടെ ചിത്രമാണ്. ഗുരുവായൂര്‍ കേശവന്‍ മുതല്‍ ന്യൂ ജെനറേഷന്‍ താരം തൃക്കടവൂര്‍ ശിവരാജു വരെ ഈ ആനക്കടയുടെ ഭിത്തികളില്‍ ഇടം പിടിച്ചിരിക്കുന്നു.

ഹോട്ടലിന്റെ ഏത് ഭാഗത്തേക്ക് തിരിഞ്ഞാലും തുമ്പി ഉയര്‍ത്തിയും ചിന്നം വിളിച്ചും കൊമ്പ് പൊക്കിയും നില്‍ക്കുന്ന കൊമ്പന്മാരുടെ ചിത്രങ്ങള്‍ മാത്രം. ഇവിടെ വരുന്നവര്‍ക്കും ഭക്ഷണം കഴിക്കുന്നവര്‍ക്കും അറിയേണ്ടതും പറയേണ്ടതും ആനകളുടെ വിശേഷങ്ങള്‍ മാത്രം. ആനപ്രേമിയായ ചേര്‍പ്പ് സ്വദേശി ഷാജുവിന്റെ സ്വപ്നസാക്ഷാത്കരമാണ് 5 പതിറ്റാണ്ടുകള്‍ പിന്നിട്ട ആനക്കട. ദോശയാണ് ഇവിടുത്തെ പ്രധാന വിഭവം.

രാവിലെ ആറ് മണിക്ക് പ്രവര്‍ത്തനം തുടങ്ങുന്ന ആനക്കട ഉച്ചക്ക് ഒരു മണിക്ക് അടക്കും. പിന്നീട് വൈകിട്ട് മൂന്നു മണി മുതല്‍ ഏഴ് മണിവരെയാണ് പ്രവര്‍ത്തനം. ഒരിക്കലെങ്കിലും നൂറുകണക്കിന് കൊമ്പന്മാരുടെ അഴകുള്ള ചിത്രങ്ങളുടെ നടുക്കിരുന്ന് രുചിയുള്ള ഭക്ഷണം കഴിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? അതിനാല്‍ തന്നെ ഉത്സവ സീസണുകളിലും അല്ലാത്തപ്പോഴും ഇവിടെ വമ്പന്‍ തിരക്കാണ്.


