വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ ബെംഗളുരുവിനു മുന്നില്‍ തുറക്കുകയാണ്. ഇവിടെ 23,000 കോടി രൂപ മുടക്കി സര്‍ക്കുലര്‍ റെയില്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ബംഗളൂരു വിമാനത്താവളം, ഐ.ടി ഹബ്ബ്, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് ഉത്പാദനം കൂട്ടാനും വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമാകും. ബംഗളൂരുവില്‍ ജനപ്രതിനിധികളുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍ ശൃംഖലയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
287 കിലോമീറ്റര്‍ ദൂരമുള്ള ശൃംഖല കര്‍ണാടകയിലെ ഹീലലിഗെ, ഹെജ്ജാല, സൊലൂര്‍, വദ്ദരഹള്ളി, ദേവനഹള്ളി, മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ബംഗളൂരു നഗരത്തിലെ ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നും ഇതിനായി 43,000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 1699 കോടി രൂപ ചെലവിട്ട് 93 റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ 49 എണ്ണം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്.
871 കോടി രൂപ ചെലവില്‍ ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ബംഗളൂരു കന്റോണ്‍മെന്റ്, യെശ്വന്ത്പൂര്‍ സ്റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ തുറന്നുകൊടുക്കും. ഇതിന് പുറമെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

