ഒരുകാലത്ത് ട്വിറ്ററിന്റെ (ഇപ്പോള്‍ എക്സ്) എതിരാളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്പായ ‘കൂ’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ടൈഗര്‍ ഗ്ലോബല്‍ പ്രൊമോട്ട് ചെയ്തിരുന്ന ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഡെയ്‌ലിഹണ്ട് ഉള്‍പ്പെടെയുള്ള കമ്പനികളുമായി വില്‍പന, ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
”സോഷ്യല്‍ മീഡിയ, എഐ, സ്പേസ്, ഇവി, മറ്റ് ഫ്യൂച്ചറിസ്റ്റിക് വിഭാഗങ്ങളില്‍ ഇന്ത്യയുടെ അഭിലാഷത്തിനും ലോകത്തെ വെല്ലുന്നതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ക്ഷമയുള്ള, ദീര്‍ഘകാല മൂലധനം അത്യന്താപേക്ഷിതമാണ്. വിപണിയില്‍ ഇതിനകം ഒരു ആഗോള ഭീമന്‍ ഉള്ള സാഹചര്യത്തില്‍ കൂടുതല്‍ മൂലധനം വേണ്ടിവരും,’ കൂ സഹസ്ഥാപകന്‍ മായങ്ക് ബിദാവത്കയ്‌ക്കൊപ്പം ഒരു സംയുക്ത പോസ്റ്റില്‍ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.
3വണ്‍4 കാപ്പിറ്റല്‍, അക്സല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് 66 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിന് ശേഷം ‘കൂ’വിന്റെ മൂല്യം 275 മില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
2015 ല്‍ ഒല ഏറ്റെടുത്ത ടാക്‌സിഫോര്‍ഷൂര്‍ എന്ന റൈഡ്-ഹെയ്‌ലിംഗ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് അപ്രമേയ രാധാകൃഷ്ണയായിരുന്നു.

