കേന്ദ്ര സര്‍ക്കാര്‍ 40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ കാലാവധിയെത്തും മുന്‍പ് തിരികെ വാങ്ങാനായി ഒരുങ്ങുന്നു. 2024ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന 6.18 ശതമാനം, 9.15 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്യുന്ന കടപത്രങ്ങള്‍, 2025ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 6.89 ശതമാനം പലിശ നല്‍കുന്ന കടപ്പത്രം എന്നിവയാണ് തിരിച്ചു വാങ്ങുന്നതെന്ന് ആര്‍.ബി.ഐ അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മേയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. 2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ടിയാണു ഇത്തരമൊരു നടപടി.
ബൈബാക്കിനായി തിരഞ്ഞെടുത്ത മൂന്ന് കടപ്പത്രങ്ങളും ആറ് മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നവയാണ്. ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കുറയ്ക്കാനായി ഇത് സഹായിക്കും. കോര്‍പ്പറേറ്റ് വായ്പയുടെ ഭൂരിഭാഗവും ഹ്രസ്വകാല കടപത്രങ്ങളിലൂടെയാണ്.

