മദ്യത്തിന്റെ ഉപഭോഗവും വില്പനയും ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ക്കിടയില്‍ ചില മദ്യ സംബന്ധമായ വാര്‍ത്തകള്‍ ട്രെന്‍ഡാകാറുണ്ട്. അത്തരത്തില്‍ ട്രെന്‍ഡ് ആയ ഒന്നാണ് യുകെയില്‍ നിന്നും ഇറങ്ങുന്ന മണവാട്ടി എന്ന മദ്യത്തിന്റെ കഥ. രസം ജനിപ്പിക്കുന്ന ഈ മദ്യ ബ്രാന്‍ഡിന് പിന്നില്‍ ഉള്ളതാകട്ടെ, കൊച്ചി കടവന്ത്ര ചിലവന്നൂര്‍ ജോണ്‍ സേവ്യര്‍.

20 വര്‍ഷം മുന്‍പു യുകെയിലേക്കു പോയ ജോണ്‍ അവിടെ തുടങ്ങിയ സംരംഭമാണ് ‘തട്ടുകട’ എന്ന റെസ്റ്റോറന്റ്. നാടന്‍ കേരളീയ വിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടയില്‍ ജോണ്‍ കൂടെ വിളമ്പിയ വിഭവമാണ് മണവാട്ടി. 2021 ലാണു തട്ടുകടയും കള്ളുഷാപ്പും തുടങ്ങിയത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ‘മണവാട്ടി’ എന്ന പേരില്‍ ജോണ്‍ ഒരു നാടന്‍ ബ്രാന്‍ഡ് വാറ്റുതന്നെയാണ് ജോണ് അവതരിപ്പിച്ചത്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്, യുകെ സര്‍ക്കാരിന്റെ എല്ലാത്തരം ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് മണവാട്ടി വാറ്റുന്നത്. 44 ശതമാനമാണു മണവാട്ടി വാറ്റിലെ ആല്‍ക്കഹോള്‍ അളവ്. പ്രകൃതിദത്തമായ ഊര്‍ജം എന്ന് അര്‍ഥം വരുന്ന ‘മന’യും കാലാകാലങ്ങളായി കള്ളു പുളിപ്പിക്കാന്‍ നാടന്‍വാറ്റുകാര്‍ ഉപയോഗിക്കുന്ന ടെക്‌നിക്കുകള്‍ സൂചിപ്പിക്കുന്ന ‘വാറ്റി’യും വ്യക്തമാക്കാനാണു ‘മണവാട്ടി’ എന്ന പേര് തിരഞ്ഞെടുത്തതെന്നു ജോണ്‍ പറയുന്നു. കാര്യം എന്തായാലും ഈ മലയാളി ബ്രാന്‍ഡ് സായിപ്പിന്റെ നാട്ടില്‍ ക്ലിക്ക് ആയി.
ഇന്ത്യയില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നുമുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഉല്‍പാദനം നാടന്‍ രീതിയിലാണെങ്കിലും ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. അടിക്കടിയുണ്ടാകുന്ന മിന്നല്‍പരിശോധനകളില്‍ നിരന്തരം ഗുണമേന്മ തെളിയിച്ചുകൊണ്ടാണ് മണവാട്ടിയുടെ യാത്ര. അതുകൊണ്ടുതന്നെ മായം, കലക്ക്, തട്ടിക്കൂട്ട് എന്നിവയെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. നോര്‍ത്താംപ്ടണില്‍ നിന്നു ദൂരെയുള്ളവര്‍ക്ക് ഓണ്‍ലൈനായും ഓര്‍ഡര്‍ ചെയ്യാം.

