കശ്മീര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രകൃതി വാതക പൈപ്പ്ലൈന്‍ ശൃംഖല വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ. ഇതിനായി കമ്പനികള്‍ ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
സ്ഥിരമായ വിലയില്‍ ഗ്യാസ് ലഭ്യമാക്കുന്നതിനായി അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പ്രകൃതി വാതക മേഖലയില്‍ 67 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് പുരി പറഞ്ഞു. 2030 ഓടെ ഗാര്‍ഹിക പ്രകൃതി വാതക ഉപഭോഗത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവിന് കാരണമാകുമെന്നു മന്ത്രി പറഞ്ഞു. കൂടാതെ പ്രകൃതിവാതകം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കും ഇതു പ്രോത്സാഹനമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2022 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വാതക ഉപഭോഗം പ്രതിദിനം 7.0 ബില്യണ്‍ ക്യുബിക് അടിയാണ്. ഡിമാന്‍ഡിന്റെ 70 ശതമാനത്തിലധികം വരുന്നത് വ്യാവസായിക മേഖലയില്‍ നിന്നാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 23.2 ബില്യണ്‍ ക്യുബിക് അടിയാകുമെന്നു കരുതുന്നു.
അതേസമയം ആഗോള വിപണിയില്‍ ഇപ്പോഴും എണ്ണ സമ്മര്‍ദത്തിലാണ്. കഴിഞ്ഞ ദിവസം ഉലപ്പാദന നിയന്ത്രണങ്ങള്‍ അടുത്ത പാദത്തിലേയ്ക്കു കൂടി നീട്ടാന്‍ ഒപെക്ക് പ്ലസ് തീരുമാനമായിരുന്നു. ഇതിനും ശേഷവും വില സമ്മര്‍ദം തുടരുകയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 82.80 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.61 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ഒരവസരത്തിലാണ് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനുള്ള അവസരം ഒരുങ്ങുന്നത്.

