കാലങ്ങളായി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഊര്‍ജ പ്രതിസന്ധി. ഇന്നല്ലെങ്കില്‍ നാളെ ഗതാഗത സംവിധാനമുള്‍പ്പെടെയുള്ള മേഖലകളെ കാര്യമായിത്തന്നെ ഊര്‍ജ പ്രതിസന്ധി പിടികൂടും എന്നതില്‍ സംശയമില്ല. ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ മസാച്ചുസാറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ തെര്‍മല്‍ സ്റ്റാര്‍ട്ടപ്പായ ഖ്വീസ് (Quaise) ഇറങ്ങുന്നു.
ഭൂമിയുടെ ഉള്ളിലേക്ക് 12 മൈല്‍ ആഴത്തില്‍ കുഴിച്ചാണ് ഖ്വീസ് ഊര്‍ജം കണ്ടെത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. മസാച്ചുസാറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഖ്വീസ് പ്രൊജക്ട് നടപ്പാക്കാന്‍ പോകുന്നത്. ഊര്‍ജ ആവശ്യങ്ങള്‍ക്ക് പ്രൊജക്ട് പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളിതുവരെ നടത്തിയ ഊര്‍ജ പര്യവേഷണ നീക്കങ്ങളില്‍ വച്ചേറ്റവും ശ്രമകരമായ ദൗത്യത്തിനാണ് ഖ്വീസ് തയ്യാറെടുക്കുന്നത്. ജിറോട്രോണ്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ 12 മൈല്‍ ആഴത്തില്‍ തുരക്കാന്‍ പോകുന്നത്. 12 മൈല്‍ ആഴത്തില്‍ 932 ഫാരന്‍ ഹീറ്റാണ് താപനില. ഇത് ഉപയോഗിച്ച് ഫോസില്‍ ഫയേര്‍ഡ് പവര്‍ പ്ലാന്റുകളെ റീപവര്‍ ചെയ്യാന്‍ സാധിക്കും. തുടക്കത്തില്‍ ഡ്രില്‍ ഉപയോഗിച്ച് തുരന്നതിന് ശേഷം ജിയോട്രോണ്‍ ഉപയോഗിക്കും.

