രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വിഭജിച്ച് രണ്ടു കമ്പനികളായി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കുന്നു. വളരെ പെട്ടെന്നെടുത്ത തീരുമാനം ടാറ്റ മോട്ടോഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്‌സ് എന്ന പേരില്‍ തുടരും. യാത്രാവാഹന ബിസിനസ് മറ്റൊരു പേരില്‍ ലിസ്റ്റ് ചെയ്യും. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ നിക്ഷേപകര്‍ക്ക് മികച്ച ഡീല്‍ ആണ് കമ്പനി നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍ ലഭിക്കും.
വിഭജനം കാര്‍ ബിസിനസിന്റെ, പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളുടെ നേട്ടങ്ങള്‍ മുതലാക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഇതോടെ വാണിജ്യവാഹനങ്ങളുടെ വിപണി സാധ്യതകളെ കൂടുതല്‍ മികച്ച രീതിയില്‍ വികസിപ്പിക്കാന്‍ സ്ഥാപനത്തിന് കഴിയും. നിലവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ 1.11 ലക്ഷം കോടി രൂപയുടെ ത്രൈമാസ വരുമാനത്തില്‍ 18 ശതമാനം മാത്രമാണു വാണിജ്യ വാഹനങ്ങള്‍ നല്‍കുന്നത്. വിഭജന-ലിസ്റ്റിംഗ് പ്രക്രിയ 15 മാസത്തോളം എടുക്കും.
പാസ്സഞ്ചര്‍ വാഹന വിപണിയില്‍ മാരുതി സുസുക്കി പോലുള്ള ലിസ്റ്റഡ് കമ്പനികളുമയായിരിക്കും പ്രധാന മത്സരം ഉണ്ടാകുക. അശോക് ലെയ്ലാന്‍ഡ് പോലുള്ള കമ്പനികളുമായിട്ടാകും വാണിജ്യ വാഹന വിപണിയില്‍ പ്രധാന മത്സരം. എന്തായാലും ഭാവിയില്‍ കടുത്ത മത്സരത്തിനാണ് കമ്പനികള്‍ തയ്യെടുക്കുന്നത്.

