ഉല്‍പ്പന്നം ഏതുമാവട്ടെ, അതിനു ഭൗമ സൂചിക പദവി ലഭിക്കുന്നതിലൂടെ ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിക്കുകയാണ് ചെയ്യുന്നത്. ഈ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ മുന്നിലാണ് എന്നത് അങ്ങേയറ്റം സന്തോഷമുളവാക്കുന്ന കാര്യമാണ്. ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്.
ആറന്മുള കണ്ണാടി, മുതലമട മാമ്പഴം, മറയൂര്‍ ശര്‍ക്കര, തുടങ്ങി തിരൂര്‍ വെറ്റിലയും തലനാട് ഗ്രാമ്പുവും വരെ ഭൗമ സൂചിക പദവി നേടിയ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വേറിട്ട് നില്‍ക്കുകയാണ്. കാര്‍ഷിക മേഖല കാശായിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയപ്പെടുമ്പോഴും ഭൗമ സൂചിക പദവി ലഭിക്കിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനം നല്‍കുന്ന സാമ്പത്തിക നേട്ടം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. എന്നാല്‍ പലപ്പോഴും ഒരു ബ്രാന്‍ഡ് എന്നതില്‍ ഉപരിയായി എന്താണ് ഭൗമ സൂചിക പദവി എന്നതിനെ പറ്റി ഈ നാട്ടിലെ ആളുകള്‍ ബോധവാന്മാരല്ല.
ഒരു പ്രത്യേക വ്യാവസായിക ഉല്‍പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക (GI Tag ) എന്നു പറയുന്നത്.ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണ മേന്‍മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അവയെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഭൗമ സൂചിക നല്‍കുന്നത്. ഗുണമേന്മ, നിര്‍മാണ വൈദഗ്ദ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഡാര്‍ജിലിംഗ് തേയിലയാണ് ഇന്ത്യയില്‍ ആദ്യമായി ജി ഐ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഓരോ രാജ്യത്തെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഭൗമ സൂചിക നല്‍കുന്നത് അതത് രാജ്യത്തെ ഓഫീസിലാണ്. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ജി ഐ രജിസ്ട്രി.അതായത് മുറ്റത്തെ മുല്ലക്ക് മാനായില്ല എന്ന പോലെ കാണേണ്ട ഒന്നല്ല കേരളത്തിലെ ഭൗമ സൂചിക പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ എന്ന് സാരം.
ഒരു ഉല്‍പ്പന്നം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉടന്‍ ഉല്‍പ്പന്നത്തിന്റെ വിവരശേഖരം അതത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനകളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. ഇതിലൂടെ ഈ രജിസ്ട്രേഷന്‍ ആഗോള വ്യാപാര സംഘടന അംഗ രാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നു. 10 വര്‍ഷത്തേക്കാണ് ആദ്യഘട്ടത്തില്‍ ജി ഐ രജിസ്ട്രേഷന്‍. പിന്നീടത് പുതുക്കണം. ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ് ഭൗമ സൂചിക പദവിയുടെ അവകാശം.
ബന്ധപ്പെട്ട ഉല്‍പ്പന്നത്തിന്റെ അവകാശം ബന്ധപ്പെട്ട ദേശത്തിന്റേതാണ്. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനില്‍ നിന്ന് വ്യത്യസ്തമാണ് ജി ഐ രജിസ്ട്രേഷന്‍. ഒരു കമ്പനിയോ സംരംഭമോ ആണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നത്.ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം. രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ക്കും അതല്ലെങ്കില്‍ ആ ഭൂപ്രദേശത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ GI രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ പേര് ഉപയോഗിക്കുവാനാകൂ.
ഭൗമ സൂചികയും കേരളവും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക – വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ജിഐ ടാഗ് ലഭിച്ചത് കേരളത്തിലാണ്. കേരളത്തില്‍ ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി / GI ലഭിച്ചത് നിലമ്പൂര്‍ തേക്കിനും മറയൂര്‍ ശര്‍ക്കരയ്ക്കും ആണ്. ഏറ്റവും കൂടുതല്‍ ലോക ശ്രദ്ധയാര്‍ജ്ജിച്ച രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടിയാണ് ഇവ. കേരളത്തില്‍ 30 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ഭൗമശാസ്ത്ര പദവി ലഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി ഒരു വൃക്ഷത്തിന് ഭൗമ സൂചിക പദവി എന്ന നേട്ടമാണ് നിലമ്പൂര്‍ തേക്കിന് കൈവന്നത്.
അതോടെ ഭൗമ സൂചിക പദവിയുടെ സാധ്യതകളെപ്പറ്റി കേരളീയര്‍ കൂടുതല്‍ ബോധവാന്മാരായി. സമാന രീതിയില്‍, ഭൗമ സൂചിക പദവി ലഭിച്ച 24-മത്തെ കേരളീയ ഉത്പന്നമാണ് മറയൂര്‍ ശര്‍ക്കര. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ജി ഐ രജിസ്ട്രേഷനുളളതിനാല്‍ തന്നെ ആഗോള വിപണിയില്‍ കേരളത്തിലെ ആറന്മുള കണ്ണാടിക്ക് ലക്ഷം രൂപയോളം വിലമതിക്കുന്നുണ്ട്.
ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും. രാജ്യാന്തര വിനോദസഞ്ചാരികളുടെ ഇഷ്ടോല്‍പ്പന്നമായും ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നം മാറുന്നു.ജി ഐ ഉല്‍പ്പന്നങ്ങള്‍ക്ക് നിയമസംരക്ഷണമുള്ളതിനാല്‍ അതിന്റെ അനധികൃത വില്‍പ്പന തടയിടാവുന്നതാണ്. ഇതോടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും കൂടുകയും അത് സാമ്പത്തിക അഭിവൃദ്ധികളിലേയ്ക്ക് വഴി തുറക്കുകയും ചെയ്യുന്നു.

