ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് വന്ദേ ഭാരത്. റെയില്‍വേ ട്രാക്കിലെ മിന്നും പ്രകടനത്തിന് ശേഷം ഇന്റര്‍സിറ്റി മെട്രോ രൂപത്തില്‍ കന്നി ഓട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ ട്രെയിന്‍.ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോ ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് ഈ വര്‍ഷാവസാനം പുറത്തിറങ്ങും. ട്രെയിനിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. 12 കോച്ചുകളാണ് ഇതിലുണ്ടാവുക.
ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെയായി വര്‍ധിപ്പിക്കാം. മെട്രോ പശ്ചാത്തലത്തിലുള്ള ഇന്ത്യന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചായാരിക്കും വന്ദേ മെട്രോയുടെ സര്‍വീസ്.പ്രോട്ടോടൈപ്പ് അംഗീകരിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. യൂറോപ്പ്, സൗത്ത് കൊറിയ, ചൈന, കാനഡ എന്നിവയാണ് നിലവില്‍ മെട്രോ ട്രെയിന്‍ നിര്‍മാണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഈ ശ്രേണിയിലേക്കാണ് ഇന്ത്യ സ്ഥാനം പിടിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ 400ഓളം വന്ദേ ഭാരത് മെട്രോ ട്രെയിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. 50,000 കോടി രൂപയുടെ നിക്ഷേപവും ഇതിനായി പ്രതീക്ഷിക്കുന്നു. 12 കോച്ചുകളുള്ള മെട്രോ ട്രെയിനുകളുടെ നിര്‍മാണ ചെലവ് 100-120 കോടി രൂപയാണ്. നൂറു മുതല്‍ 250 കിലോമീറ്റര്‍ ദൂരത്തില്‍, 125 ഓളം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യം ട്രെയിന്‍ സര്‍വീസ് തുടങ്ങുക. ലക്നൗ, കാണ്‍പൂര്‍, ആഗ്ര, മധുര,വാരാണസി, തിരുപ്പതി, ചെന്നൈ എന്നീ നഗരങ്ങളെയാണ് ആദ്യം ഉള്‍പ്പെടുത്തുക.

