പ്രവാസി മലയാളി സംരംഭകര്‍ പ്രൊമോട്ട് ചെയ്യുന്ന എയര്‍ കേരള വിമാനക്കമ്പനിക്ക് സര്‍വീസുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സെറ്റ്ഫ്ളൈ ഏവിയേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിമാന സര്‍വീസുകള്‍ നടത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. 2025 ല്‍ മൂന്ന് വിമാനങ്ങളുമായി എയര്‍ കേരള സര്‍വീസ് ആരംഭിക്കും.
യുഎഇ ആസ്ഥാനമാക്കിയ മലയാളി സംരംഭകരായ അഫി അഹമ്മദും അയൂബ് കല്ലടയും ഒപ്പം കനിക ഗോയലുമാണ് സംരംഭത്തിന് പിന്നില്‍. വര്‍ഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണിതെന്ന് അഫി അഹമ്മദ് പറഞ്ഞു. ഈ ആശയം യാഥാര്‍ത്ഥ്യമാവില്ലെന്ന് പറഞ്ഞ് ഏറെപ്പേര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും നിരവധി ആളുകള്‍ ഇതിനെ ചോദ്യം ചെയ്തിരുന്നെന്നും അഫി അഹമ്മദ് വ്യക്തമാക്കി. ഏറെ ദൂരം പോകാനുണ്ടെങ്കിലും എന്‍ഒസി എന്നത് വളരെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ആസ്ഥാനമാക്കിയ മലയാളി സംരംഭകരായ അഫി അഹമ്മദും അയൂബ് കല്ലടയും ഒപ്പം കനിക ഗോയലുമാണ് സംരംഭത്തിന് പിന്നില്‍
2005 ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരാണ് എയര്‍ കേരള എന്ന ആശയം ആദ്യം മുന്നോട്ടു വെക്കുന്നത്. പിന്നീട് പദ്ധതി മുന്നോട്ടു പോയില്ല. എയര്‍കേരള എന്ന വെബ് ഡൊമെയ്ന്‍ സ്വന്തമാക്കിക്കൊണ്ട് അഫി അഹമ്മദ് വിമാനക്കമ്പനിക്ക് അനുമതി നേടാന്‍ പ്രവര്‍ത്തനം ശക്തമാക്കി. വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികളിലേക്ക് ഇനി കടക്കുമെന്ന് അയൂബ് കല്ലട പറഞ്ഞു.
ആഭ്യന്തര സര്‍വീസുകള്‍ നടത്തി അനുഭവപരിചയം ആയതിന് ശേഷമാവും എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുക. 20 വിമാനങ്ങള്‍ സ്വന്തമാക്കിയ ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ശ്രമിക്കുമെന്ന് സംരംഭകര്‍ വ്യക്തമാക്കി. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിന്റെ ടൂറിസം, വ്യാപാരം എന്നിവ അഭിവൃദ്ധി പ്രാപിക്കുന്നതിനും വിമാനക്കമ്പനി സഹായകമാവും.

