വിരമിക്കലിനെയും അനന്തരാവകാശികളെയും സംബന്ധിച്ച് ഗൗതം അദാനിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് അദാനി ഗ്രൂപ്പ്. 62 കാരനായ അദാനി 70 ാം വയസില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ബ്ലൂംബെര്‍ഗ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍മാരായ കരണ്‍, ജീത്, സഹോദരന്‍മാരുടെ പുത്രന്‍മാരായ പ്രണവ്, സാഗര്‍ എന്നിവര്‍ക്ക് ബിസിനസ് പങ്കിട്ടു നല്‍കുമെന്ന് അദാനി പറഞ്ഞെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. കുടുംബ ട്രസ്റ്റിന്റെ ഭാഗമായ നാലുപേരും ബിസിനസിന്റെ പിന്തുടര്‍ച്ചാവകാശികളാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. കമ്പനിയുടെ ഓഹരി വിലയിലെ ഇടിവില്‍ മാനേജ്മെന്റിന് യാതൊരു പങ്കുമില്ലെന്നും ഇത് പൂര്‍ണമായും ഓഹരി വിപണിയുമായി ബന്ധപ്പെട്ടതാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി. വിപണി തന്നെ തിങ്കളാഴ്ച 3% തിരുത്തലിന് വിധേയമായെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ഗൗതം അദാനിയുടെ മക്കളായ കരണ്‍ അദാനിയും ജീത് അദാനിയും കമ്പനി ബിസിനസില്‍ നേതൃപരമായ പങ്ക് ഇപ്പോള്‍ വഹിക്കുന്നുണ്ട്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ മകനായ പ്രണവും രാജേഷ് അദാനിയുടെ മകനായ സാഗറും ഇവരോടൊപ്പം കമ്പനി ബിസിനസിനെ നയിക്കുന്നു. നാലു പേരും വളര്‍ച്ചക്കായി അത്യധികം ആഗ്രമുള്ളവരാണെന്ന് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം അദാനി പറഞ്ഞു.

