തുടര്‍ച്ചായി ഒന്‍പതാം തവണയും റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം. റിപ്പോ നിരക്കുകളില്‍ 6.5 ശതമാനത്തില്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധനനയ സമിതി യോഗത്തിന് ശേഷം അറിയിച്ചു. ധനനയ സമിതിയിലെ രണ്ടു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറടക്കം നാലുപേര്‍ നിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടാണ് എടുത്തത്.
4.8 ശതമാനത്തില്‍ സ്ഥിരത പാലിച്ചിരുന്ന പണപ്പെരുപ്പം ജൂണില്‍ 5.1 ശതമാനത്തിലേക്ക് ഉയര്‍ന്നെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2 ശതമാനം വളരുമെന്ന അനുമാനം യോഗം ആവര്‍ത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആദ്യപാദത്തിലെ വളര്‍ച്ചാ അനുമാനം 7.3 ശതമാനത്തില്‍ നിന്ന് 7.1 ശതമാനത്തിലേക്ക് താഴ്ത്തി. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമായിരിക്കുമെന്ന മുന്‍ അനുമാനത്തിലും ആര്‍ബിഐ സമിതി മാറ്റം വരുത്തിയിട്ടില്ല.
ധനനയ സമിതി യോഗത്തിന്റെ തീരുമാനത്തെ റിയല്‍റ്റി മേഖല സ്വാഗതം ചെയ്തു. ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ ജാഗ്രതാപൂര്‍വമാണ് ധനനയ സമിതി തീരുമാനം എടുത്തതെന്ന് നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (നാരെഡ്കോ) പ്രസിഡന്റായ പ്രശാന്ത് ശര്‍മ പറഞ്ഞു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം നിലനിര്‍ത്താനും ഹൗസിംഗ് മേഖലയിലെ ആവശ്യകത സുസ്ഥിരമാകാനും പലിശ നിരക്കുകളിലെ സ്ഥിരത സഹായിക്കുമെന്ന് മെന്റേഴ്സ് റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനായ രാജീവ് രഞ്ജന്‍ പറഞ്ഞു.

