20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി. നിലവില്‍ എട്ടോ പതിനാറോ കോച്ചുകളുള്ള ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ 20 കോച്ച് ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിക്കാനും സമയക്രമം പാലിക്കാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍, വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം മറ്റ് സര്‍വീസുകളെ ബാധിക്കുന്നെന്ന പരാതി വ്യാപകമാണ്. കൂടുതല്‍ കോച്ചുകളുള്ള ട്രെയിനുകള്‍ അവതരിപ്പിക്കുമ്പോള്‍, 8 കോച്ച് ട്രെയിനുകളുടെ സ്ഥാനത്ത്, ഒന്നര ട്രെയിന്‍ അധികമായി ഓടുന്നതിന് തുല്യമായിരിക്കും. കൂടാതെ, വന്ദേ ഭാരത് ട്രെയിനുകള്‍ക്കുള്ളിലെ തിരക്കും കുറയും. പുതിയ ട്രെയിന്‍ സെറ്റുകള്‍ അധിക വരുമാനം കൊണ്ടുവരുമെന്നും റെയില്‍വേ പ്രതീക്ഷിക്കുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ നിലവിലുള്ള കോച്ചുകളുടെ ക്രമീകരണത്തില്‍ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും, സ്ലീപ്പര്‍ ട്രെയിന്‍ പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തയായിരിക്കും. ഓരോ പുതിയ ട്രെയിനുകളിലും ഒരു എസി 1, നാല് സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകള്‍ ഉണ്ടായിരിക്കും. മൊത്തം 832 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മെട്രോ ട്രെയിനുകളിലേതിന് സമാനമായി ഡോറുകള്‍ ഓട്ടോമാറ്റിക് ആയിരിക്കും. ശാരീരിക വൈകല്യമുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ബെര്‍ത്തുകളും ശുചിമുറികളും ലഭ്യമാകും.

