മില്‍മ എറണാകുളം മേഖലാ യൂണിയന്റെ 2023-24 വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകരിച്ച ലാഭവിഭജനം പ്രകാരം മേഖലാ യൂണിയനിലെ ഓഹരിയുടെ മൂല്യത്തിന്റെ പത്ത് ശതമാനം ലാഭവിഹിതം അംഗസംഘങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖലാ യൂണിയന്റെ അറ്റലാഭം എട്ട് കോടി രൂപയായിരുന്നു. അതില്‍ നിന്നും ഒരു കോടി 48 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകിളലെ ആയിരത്തോളം പ്രാഥമിക സംഘങ്ങള്‍ക്ക് വിതരണം ചെയ്യുക. ഒക്ടോബര്‍ ഒന്ന് മുതല്‍ 10 വരെയുള്ള പാല്‍വില ബില്ലിനോടൊപ്പം ആണ് ലാഭവിഹിതം സംഘങ്ങളില്‍ എത്തിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ മേഖലാ യൂണിയന്റെ പ്രവര്‍ത്തനലാഭത്തില്‍ നിന്നും പ്രോത്സാഹന അധികവില, കര്‍ഷകക്ഷേമ പദ്ധതികള്‍, സംഘത്തിനുള്ള സഹായ പദ്ധതികള്‍ തുടങ്ങി സംഭരണ മേഖലയിലെ ചിലവുകള്‍, സംസ്‌കരണ വിപണന മേഖലയിലെ വിപുലീകരണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ചിലവുകള്‍ക്ക് ശേഷമാണ് എട്ട് കോടി രൂപയുടെ അറ്റാദായം നേടാന്‍ കഴിഞ്ഞതെന്ന് മേഖലാ എം ടി ജയന്‍ പറഞ്ഞു.

