പുത്തന്‍ ബിസിനസ് മേഖലകളിലേക്ക് ചുവട് ഉറപ്പിക്കുകയാണ് അംബാനി. ഇതിന്റെ ഭാഗമായി പുതുതായി കാല്‍വയ്ക്കുന്നത് യു.പി.ഐ പേയ്മെന്റ് രംഗത്തേക്ക് ആണ്. ജിയോ ഫിനാന്‍സ് ആപ്പ് വഴി ഓണ്‍ലൈന്‍ പേയ്മെന്റ് മേഖലയിലും സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച മുന്നൊരുക്കങ്ങളാണ് അംബാനി നടത്തിയിരിക്കുന്നത്. ജിയോ പേ എന്നാണ് ആപ്പിന്റെ പേര്.
ജിയോ ഫിനാന്‍സ് സര്‍വീസിന്റെ കീഴിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ആപ്പിന്റെ ബീറ്റാ ട്രയല്‍ നടന്നു വരികയാണ്. എല്ലാതരത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്റ് ബാങ്കിംഗ് സംവിധാനങ്ങളെയും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന ആപ്പാണിതെന്നാണ് കമ്പനിയുടെ വാദം. ഗൂഗിള്‍ പേയിലും ഫോണ്‍പേയിലും നല്‍കിയിരുന്ന എല്ലാ സേവനങ്ങളും ഈ ആപ്പിലും ലഭ്യമാകും. കസ്റ്റമര്‍ ഫ്രണ്ട്‌ലി ആയാണ് ആപ്പിന്റെ നിര്‍മാണം.
ആദ്യഘട്ടത്തില്‍ തെരഞ്ഞടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവില്‍ ലഭ്യമാണെങ്കിലും സേവനം എല്ലാവര്‍ക്കും നല്‍കുന്നില്ല. തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് കൂടി അറിഞ്ഞ ശേഷമായിരിക്കും സേവനം എല്ലാവരിലേക്കും എത്തിക്കുക.
ജിയോ പേയുടെ വരവ് തിരിച്ചടിയാകുക ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും ആകും. ഒട്ടുമിക്ക സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ നല്‍കാന്‍ സാധിക്കുന്ന ജിയോയുടെ വരവ് നിലവില്‍ ഇന്‍ഡസ്ട്രി അടക്കി വാഴുന്ന പേയ്മെന്റ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പേയ്ടിഎമ്മിന്റെ വീഴ്ച മുതലാക്കി കുതിക്കാമെന്ന പ്രതീക്ഷയിലാണ് ജിയോ പേ യുടെ രംഗപ്രവേശം.

