അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ കൂടി സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 75 ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളില്‍ (പിഎസ്ബികള്‍) നാലെണ്ണം മാത്രമാണ് 2023 മാര്‍ച്ച് 31 ലെ എംപിഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് സര്‍ക്കാര്‍ വിഹിതം 75 ശതമാനത്തിന് താഴേക്ക് കൊണ്ടുവരാനൊരുങ്ങുന്നത്. ഡെല്‍ഹി ആസ്ഥാനമായ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 98.25 ശതമാനമാണ്. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.38 ശതമാനവും യൂകോ ബാങ്കില്‍ 95.39 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93.08 ശതമാനവും ഓഹരി ഉടമസ്ഥാവകാശം സര്‍ക്കാരിനുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 86.46 ശതമാനമാണ് സര്‍ക്കാര്‍ പങ്കാളിത്തം.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മാനദണ്ഡം അനുസരിച്ച് ലിസ്റ്റുചെയ്ത എല്ലാ കമ്പനികളും സര്‍ക്കാര്‍ ഓഹരികളുടെ വിഹിതം 75 ശതമാനത്തിന് താഴെ കൊണ്ടുവരണം. എന്നിരുന്നാലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് പ്രത്യേക ഇളവ് ഇതില്‍ നല്‍കിയിരുന്നു. മാനദണ്ഡം നടപ്പാക്കാന്‍ 2024 ഓഗസ്റ്റ് വരെയാണ് സമയം നല്‍കിയിരിക്കുന്നത്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് സര്‍ക്കാര്‍ വിഹിതം 75 ശതമാനത്തിന് താഴേക്ക് കൊണ്ടുവരാനൊരുങ്ങുന്നത്
ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) അല്ലെങ്കില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് ഉള്‍പ്പെടെ ഓഹരികള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് വിവിധ മാര്‍ഗങ്ങളുണ്ടെന്ന് ജോഷി പറഞ്ഞു.
മാര്‍ക്കറ്റിലെ സ്ഥിതി വിലയിരുത്തി ബാങ്കുകള്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ മികച്ച താല്‍പ്പര്യം മുന്‍നിര്‍ത്തി ഉചിത സമയത്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ എല്ലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളോടും തങ്ങളുടെ സ്വര്‍ണ്ണ വായ്പകളുടെ അവലോകനം നടത്താന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചതായി ജോഷി പറഞ്ഞു.

