സര്‍വീസ് ആരംഭിച്ച് പത്തു മാസത്തിനുള്ളില്‍ പതിനേഴര ലക്ഷം യാത്രക്കാരുമായി യാത്ര തടസമില്ലാതെ മുന്നോട്ട് കൊണ്ട് പോകുകയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഇന്ന് വൈകിട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍മിനലുകള്‍ ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് ഇത് പുതു ചരിത്രം.
നിലവില്‍ മൂന്നു റൂട്ടുകളിലായി യാത്ര നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്.
നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
ഞായറാഴ്ച്ച രാവിലെ മുതല്‍ കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കും. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് വ്യാപിക്കും. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇത് കൂടി നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ നഗരത്തിന്റെ തിരക്ക് കുതിരയ്ക്കാനും വികസനം ധ്രുതഗതിയില്‍ ആക്കാനും കഴിയുമെന്നാണ് കരുതപ്പെടുന്നത്.

