ജീവനക്കാരോട് വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കി സോഫ്‌റ്റ്വെയര്‍ സേവന സ്ഥാപനമായ എച്ച്‌സിഎല്‍ടെക്. ആഴ്ചയില്‍ മൂന്ന് തവണ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം. ഫെബ്രുവരി 19 മുതല്‍ ഇതില്‍ വീഴ്ചയുണ്ടായാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരും. കോവിഡ് കാലം മുതലാണ് കമ്പനിയില്‍ വര്‍ക്ക് അറ്റ് ഹോം ആരംഭിച്ചത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ എച്ച്സിഎല്‍ ഇക്കാര്യത്തില്‍ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്‍മാരുടെ പാത പിന്തുടരുകയാണ്. ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്നാണ് ടിസിഎസ് നിര്‍ദേശിച്ചിരിക്കുന്നത്. മാസത്തില്‍ 10 ദിവസം ഹാജരാവാന്‍ ഇന്‍ഫോസിസും ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ വിപ്രോയും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു.
ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കാനാണ് എച്ച്സിഎലിന്റെ തീരുമാനം
ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കാനാണ് എച്ച്സിഎലിന്റെ തീരുമാനം. ഉല്‍പ്പാദനക്ഷമത സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
സീനിയര്‍ മാനേജര്‍മാരും നേതൃത്വത്തിലുള്ളവരും ഇതിനകം ഹൈബ്രിഡ് പ്രവര്‍ത്തനരീതിയിലേക്ക് മാറിയിട്ടുണ്ടെന്നും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരുന്നുണ്ടെന്നും എച്ച്സിഎല്‍ടെക് വൃത്തങ്ങള്‍ പറഞ്ഞു.

