പ്രശസ്ത ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ താജ് ഹോട്ടല്‍സ് ഗുരുവായൂരില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. പതിവില്‍ നിന്നും വിപരീതമായി ഇക്കുറി ആത്മീയടൂറിസത്തിലാണ് കണ്ണ്. ആത്മീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് ഇനി മുന്‍തൂക്കം നല്‍കി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യപടി എന്ന നിലയിലാണ് ഗുരുവായൂര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുവായൂരിന് പുറമെ, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മീയ ടൂറിസം ലക്ഷ്യമാക്കി പുതിയ പദ്ധതികളുമായി ഉയര്‍ന്നുവരാന്‍ താജ് ഹോട്ടല്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അയോധ്യയിലും വാരണാസിയിലും അടക്കം വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഐ.എച്ച്.സി.എല്‍ ഇതിനായി പുത്തന്‍ ബ്രാന്‍ഡിംഗ് തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് പുതിയ പ്രൊജക്ടുകള്‍ പരിഗണിക്കുന്നുണ്ട്. രമേശ്വരത്തും മധുരയിലും സാന്നിധ്യമെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ രംഗത്തെ വമ്പന്‍ പദ്ധതികളായിരിക്കും യാഥാര്‍ഥ്യമാകുക. കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേക്ക് എത്തും. അടുത്തിടെ തിരുപ്പതിയില്‍ രണ്ടാമത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താജ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൂടുതല്‍ വികസനം നടക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചത്വാല്‍ പങ്കുവച്ചു.

