കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ വീണ്ടും. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്നതാണ് 60 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന പി.എം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പദ്ധതിക്ക് പിന്നാലെ പി.എം കുസും എന്ന പദ്ധതിക്ക് കീഴില്‍ സോളാര്‍ സബ്സിഡി സ്‌കീം അവതരിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉധ്യാന്‍ മഹാഭിയാന്‍ എന്നാണ് പി.എം കുസും എന്നതിന്റെ പൂര്‍ണമായ പേര്.
ഇത് പ്രകാരം, കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കും. പി.എം കുസും യോജനയുടെ കീഴിലാണിത് നടപ്പാക്കുക. പി.എം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജനയിലേത് പോലെ ദേശീയതല പ്രത്യേക പോര്‍ട്ടല്‍ വഴിയാകും പി.എം കുസും സബ്സിഡി പദ്ധതിയും നടപ്പാക്കുന്നത്. പദ്ധതി വഴി 20 ലക്ഷം പമ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പി.എം കുസും പദ്ധതിയില്‍ സോളാര്‍ പമ്പ് സ്ഥാപിക്കുന്ന ചെലവില്‍ 30 ശതമാനം സബ്സിഡി കേന്ദ്രം നല്‍കും.
മൂന്ന് പ്രവര്‍ത്തനശ്രേണികളാണ് പി.എം കുസും സോളാര്‍ പമ്പ് സബ്സിഡി പദ്ധതിയിലുണ്ടാവുക. 10,000 മെഗാവാട്ടിന്റെ സോളാര്‍ പവര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ് ഒന്ന്. 20 ലക്ഷം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. കാര്‍ഷികാവശ്യത്തിനുള്ള 15 ലക്ഷം പമ്പുകളെ സോളാറിലേക്ക് മാറ്റുന്നതാണ് മൂന്നാമത്തേത്. മൂന്ന് കാര്യങ്ങള്‍ക്കുമായി കേന്ദ്രം 34,422 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, സിക്കിം, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കേന്ദ്രം 50 ശതമാനം സബ്സിഡി നല്‍കും.

