രാജ്യത്തെ കാന്‍സര്‍ പരിരക്ഷ മെച്ചപ്പെടുത്താനായി മുന്നൂറിലധികം കാന്‍സര്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കാന്‍സര്‍ ഗ്രിഡിന് ആക്‌സിസ് ബാങ്ക് 100 കോടി രൂപയുടെ സഹായം നല്‍കും. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്.
അഞ്ചു വര്‍ഷത്തെ പങ്കാളിത്തത്തിന്റെ ഭാഗമായി കാന്‍സര്‍ പരിരക്ഷ, ആധുനിക കാന്‍സര്‍ ഗവേഷണം, അഫിലിയേറ്റ് ചെയ്തിട്ടുള്ള 300-ല്‍ ഏറെ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ പിന്തുണ നല്‍കും.
കാന്‍സര്‍ ചികില്‍സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ നാഷണല്‍ കാന്‍സര്‍ ഗ്രിഡുമായും ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായും സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്ന് ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു. സുസ്ഥിര ആരോഗ്യ സേവനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പ്രോത്സാഹനം നല്‍കുന്ന ആക്സിസ് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

