അതിവേഗ ഇന്റര്‍നെറ്റ് എല്ലാവരിലേക്കും എത്തിച്ചു വാര്‍ഷിക ലാഭം Rs.150 കോടി എത്തിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രവര്‍ത്തികമായ കെ ഫോണ്‍ വികസനം എവിടെയുമെത്തുന്നില്ല. എന്നാല്‍ കെ-ഫോണിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെട്ട കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
എ.ഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടിയാണ് കെ-ഫോണിന്റെ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡര്‍. കൃത്യമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വഴി കൂടുതല്‍ വാണിജ്യ കണക്ഷനുകള്‍ കണ്ടെത്തി വരുമാനം കൂട്ടുകയാണ് ഈ കമ്പനിയുടെ ചുമതല. എന്നാല്‍ അതിനനുസരിച്ചുള്ള കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം.
ആദ്യ വര്‍ഷം 350 കോടി രൂപ കണ്ടെത്തുമെന്ന ഉറപ്പ് എവിടെയും എത്തിയിട്ടില്ല.കമ്പനി വഴിയെത്തുന്ന വരുമാനത്തിന്റെ 10 ശതമാനം കമ്മീഷനും 2 ശതമാനം ഇന്‍സെന്റീവും ആണ് കമ്പനിക്ക് ലഭിക്കുന്നത്.വാടകയ്ക്ക് 4,300 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍, 5,388 വീടുകളില്‍ വാണിജ്യ കണക്ഷന്‍, 34 ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ കണക്ഷന്‍ എന്നിവയിലൂടെയാണ് കെ-ഫോണിന് ഇതുവരെ വരുമാനം ലഭിച്ചത്. ഇതില്‍ കൂടുതലായി ഒന്നും കെ ഫോണിന് വേണ്ടി ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് 135 കോടി രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു കെ-ഫോണിന്റെ കണക്കുകൂട്ടല്‍. ഇതുവരെ 21,214 ഓഫീസുകളില്‍ കണക്ഷന്‍ കൊടുത്തുവെന്നു പറയുന്നു എങ്കിലും പ്രസ്തുത സ്ഥാപനങ്ങള്‍ ഇതുവരെ ബില്‍ അടച്ചിട്ടില്ലെന്നതാണ് വസ്തുത. ഓരോ മാസവും 15-18 കോടി രൂപയാണ് കെ-ഫോണിന്റെ ചെലവ്. വാര്‍ഷിക അറ്റകുറ്റപ്പണിക്ക് നല്‍കേണ്ട തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, പലിശ എന്നിവയ്ക്കൊപ്പം മറ്റ് ചെലവുകളും ഇതില്‍ ഉള്‍പ്പെടും.

