ലോകത്തിലെ ആദ്യ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കായ മാംഗോ മെഡോസ് ഏര്‍പ്പെടുത്തിയ പരിസ്ഥിതി രത്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലയ മരിയ ബിജുവിനും സഹോദരന്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ലീന്‍ ബി. പുളിക്കനും മോന്‍സ് ജോസഫ് എം എല്‍ എ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരവും പ്രശസ്തി പത്രവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
മാംഗോ മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബി. സ്മിത, വല്ലം ബ്രോസന്‍ സഭയുടെ ഇന്ത്യന്‍ സുപ്പീരിയറും സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ മാനേജരുമായ ഡോ. ഫാ. ബിനോ ചേരിയില്‍, മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍. കെ. കുര്യന്‍, എം. എം. സലിം, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പൗളി ജോര്‍ജ്, പി.ടി.എ. പ്രസിഡന്റ് ജെന്നി റോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തോടുകളും പുഴകളും കനാലുകളും ശുചീകരിച്ച് മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലയ മരിയയും ലീന്‍ ബി പുളിക്കനും പരിസ്ഥിതി രത്ന പുരസ്‌കാരത്തിന് അര്‍ഹരായത്.
ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് ചെയര്‍മാനും മുന്‍ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. സാബു തോമസ്, മുന്‍ ഡി.ജി.പി. ഡോ. ജേക്കബ് പുന്നൂസ്, ഹരിത കേരള മിഷന്‍ മുന്‍ കോ ഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍ കെഎഎസ്, മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍. കെ. കുര്യന്‍, എം. എം. സലിം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

