റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്നിലേക്ക്. ഈ മാസം 23ന് ഏകദിന സന്ദര്‍ശനത്തിന് മോദി കീവിലെത്തും. യുദ്ധത്തിന് പരിഹാരം ഉണ്ടാക്കാനുതകുന്ന ആശയവിനിമയം പ്രധാനമന്ത്രി മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദി മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, യുദ്ധഭൂമിയില്‍ ഒരു പരിഹാരം കാണാനാകില്ലെന്നും തോക്കിന്റെ നിഴലില്‍ ചര്‍ച്ചകള്‍ വിജയിക്കില്ലെന്നും മോദി ഊന്നിപ്പറഞ്ഞിരുന്നു.
എന്നിരുന്നാലും റഷ്യയ്ക്കും ഉക്രെയ്‌നും ഇടയില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കില്ലെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഒരു മുതിര്‍ന്ന ഇന്ത്യന്‍ നേതാവിന്റെ ആദ്യത്തെ ഉക്രെയ്ന്‍ സന്ദര്‍ശനമാണ് മോദിയുടേത്. 1991 ല്‍ ഉക്രെയ്ന്‍ സ്വതന്ത്രമായതിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനവും.
ഉക്രെയ്നില്‍ സമാധാനം കൈവരിക്കുന്നതില്‍ മോദിക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മക് കഴിഞ്ഞ മാസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. റഷ്യയുമായി നല്ല ബന്ധമുള്ള ഇന്ത്യയുടെ മധ്യസ്ഥത ഈ വിഷയത്തില്‍ ഉക്രെയ്ന്‍ തുടക്കം മുതല്‍ ആഗ്രഹിക്കുന്നുണ്ട്.
ഉക്രെയ്നിലെ റഷ്യയുടെ നടപടികളെ പരസ്യമായി കുറ്റപ്പെടുത്തുന്നതില്‍ നിന്ന് ഇന്ത്യ ആദ്യംമുതല്‍ വിട്ടുനില്‍ക്കുകയാണ്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് ന്യൂഡെല്‍ഹി തുടര്‍ച്ചയായി പറയുന്നു.
ഇന്ത്യയുടെ സായുധ സേന ഉപയോഗിക്കുന്ന ഏകദേശം 60% ആയുധശേഖരവും റഷ്യയില്‍ നിന്നാണ്. പരമ്പരാഗത സുഹൃത്തായ റഷ്യയ്‌ക്കെതിരെയുള്ള ഒരു നിലപാടും സ്വീകരിക്കാന്‍ ഇന്ത്യ വിമുഖത കാണിക്കുന്നതിന് പ്രധാന കാരണം ഇതാണ്. ആഗോള ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരുന്നു.

