മൂന്ന് കോടി രൂപ വരെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഡെബിറ്റ് കാര്‍ഡുകളും ഇന്ന് വിപണിയിലുണ്ട്. അതെങ്ങനെ എന്നല്ലേ? ഇതിനായി ഡെബിറ്റ് കാര്‍ഡ് ഉടമയില്‍ നിന്ന് പ്രീമിയം ഈടാക്കുകയോ ബാങ്കുകള്‍ അധിക രേഖകള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ഡെബിറ്റ് കാര്‍ഡുകളില്‍ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് വേണ്ട കാര്യം ഒരു നിശ്ചിത കാലയളവിനുള്ളില്‍ കാര്‍ഡ് ഉടമ ആ ഡെബിറ്റ് കാര്‍ഡ് വഴി ചില ഇടപാടുകള്‍ നടത്തണം എന്നതാണ്.
ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നത്തിന്റെ രൂപത്തില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് കോംപ്ലിമെന്ററി ലൈഫ് ഇന്‍ഷുറന്‍സ് കവര്‍ വാഗ്ദാനം ചെയ്യുന്ന ഈ രീതി സാധാരണമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂര്‍ (ഡിബിഎസ്) ഇന്ത്യ തുടങ്ങി നിരവധി പ്രമുഖ ബാങ്കുകളും ഡെബിറ്റ് കാര്‍ഡുകളില്‍ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗോള്‍ഡ്, പ്രൈഡ് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4 ലക്ഷം വരെയും പ്ലാറ്റിനം, പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ലക്ഷം വരെയും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു. ഐസിഐസിഐ ബാങ്ക് റെഗുലര്‍, സില്‍വര്‍ കാര്‍ഡുകളില്‍ 50,000 രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമ്പോള്‍ ഗോള്‍ഡ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 30 ലക്ഷം രൂപ വരെ പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു.

