2008 ലാണ് പഞ്ചാബില്‍ നിന്നുള്ള യുവസംരംഭകനായ ദീപീന്ദര്‍ ഗോയല്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയ്ക്ക് തുടക്കമിട്ടത്. ഏറെ പഴികേട്ടെങ്കിലും ഒന്നര പതിറ്റാണ്ടിന് ശേഷം ഇന്ന് ലാഭമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണ് കമ്പനി. 2024 മാര്‍ച്ച് പാദത്തില്‍ 175 കോടി രൂപയാണ് സൊമാറ്റോയുടെ ലാഭം. ഈ സാഹചര്യത്തില്‍ പഴയകാലം ഓര്‍ത്തെടുക്കുകയാണ് ദീപീന്ദര്‍. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഘടിപ്പിച്ച ‘വിശേഷ് സമ്പര്‍ക്ക്’ ഒത്തുചേരലില്‍ പങ്കെടുക്കവെയാണ് തുടക്കത്തില്‍ നേരിട്ട കടുപ്പമേറിയ ചോദ്യങ്ങളെക്കുറിച്ച് സംരംഭകന്‍ വാചാലനായത്.
ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ തന്റെ പിതാവില്‍ നിന്നാണ് ആദ്യ എതിര്‍പ്പ് നേരിടേണ്ടി വന്നതെന്ന് ഗോയല്‍ പറയുന്നു.
ഒരാളുടെ കുടുംബപ്പേര് പ്രശ്നമല്ല. കഠിനാധ്വാനമാണ് പ്രധാനം. നിങ്ങളുടെ യാത്ര ശരിക്കും പ്രചോദനമാണ്, ദീപീന്ദര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി
‘സൊമാറ്റോ തുടങ്ങുന്നതിനെ കുറിച്ച് ഞാന്‍ അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നിന്റെ അച്ഛന്‍ ആരാണെന്ന് അറിയില്ലേ?’ അടിസ്ഥാനപരമായി പഞ്ചാബിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നു വന്ന ‘നിങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പ് ചെയ്യാന്‍ കഴിയില്ല’ എന്നാണ് ഈ ചോദ്യം അര്‍ത്ഥമാക്കുന്നത്്,’ ഗോയല്‍ പറഞ്ഞു.
ദീപീന്ദര്‍ ഗോയലിന്റെ സംരംഭകത്വ മനോഭാവത്തെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മടിച്ചില്ല. ‘ഇന്നത്തെ ഇന്ത്യയില്‍, ഒരാളുടെ കുടുംബപ്പേര് പ്രശ്നമല്ല. കഠിനാധ്വാനമാണ് പ്രധാനം. നിങ്ങളുടെ യാത്ര ശരിക്കും പ്രചോദനമാണ്, ദീപീന്ദര്‍. ഇത് എണ്ണമറ്റ യുവാക്കളെ അവരുടെ സംരംഭകത്വ സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ തഴച്ചുവളരാന്‍ അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ പ്രധാനമന്ത്രി മോദി എക്സില്‍ എഴുതി.

