ഉണക്ക കൊക്കോവില ആയിരം കടന്നു കുതിക്കുന്നു. ഇടുക്കിയില്‍ ചൊവ്വാഴ്ച വ്യാപാരം നടന്നത് 1,010 രൂപയ്ക്കാണ്. ലോകത്തിന്റെ കൊക്കോ തലസ്ഥാനമായ ആഫ്രിക്കയിലെ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കനത്തമഴയില്‍ കൃഷി നശിച്ചതാണ് ഈ രാജ്യങ്ങളിലെ ഉല്‍പ്പാദനത്തെ ബാധിച്ചത്. ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്പോട് രോഗവും അവസരം പ്രതികൂലമാക്കി.
കൊക്കോവില ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്ന ഭയത്തില്‍ ചോക്ലേറ്റ് നിര്‍മാതാക്കള്‍ മുന്‍കൂറായി കച്ചവടക്കാരുമായി ഇടപാട് ഉറപ്പിക്കുന്നുണ്ട്. കൂടുതല്‍ ആല്‍വിന്‍ വാങ്ങി സൂക്ഷിക്കുന്നവരും ധാരാളമാണ്. കൊക്കോ വില വര്‍ധിച്ചതോടെ പ്രീമിയം ചോക്കലേറ്റുകളുടെ വിലയും വര്‍ധിച്ചു.
വില റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നതോടെ കേരളത്തില്‍ കൊക്കോകൃഷി വീണ്ടും സജീവമായി എന്നതാണ് കാര്‍ഷിക രംഗത്തിനു ആശ്വാസം നല്‍കുന്ന വാര്‍ത്ത. മറ്റ് കാര്‍ഷിക വിഭവങ്ങളുടെ വില ഇടിഞ്ഞു നില്‍ക്കുന്നതിനിടെ കൊക്കോ അപ്രതീക്ഷിത നേട്ടം സമ്മാനിച്ചതിന്റെ ഉണര്‍വ് കാര്‍ഷിക രംഗത്ത് കാണാം.

