യുപിഎസ്സി (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ നിരവധി യുവാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന വര്‍ഷങ്ങള്‍ പാഴാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍. യുവാക്കള്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ തങ്ങളുടെ പ്രയത്നവും സമയവും ചെലവഴിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും സന്യാല്‍ പറഞ്ഞു.
‘നിങ്ങള്‍ സ്വപ്നം കാണുന്നെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ഇലോണ്‍ മസ്‌ക്കോ മുകേഷ് അംബാനിയോ ആകണമെന്ന് സ്വപ്നം കാണണം. എന്തുകൊണ്ടാണ് നിങ്ങള്‍ ജോയിന്റ് സെക്രട്ടറിയാകാന്‍ സ്വപ്നം കാണുന്നത്?,’ സന്യാല്‍ ചോദിച്ചു. ഒരു അഡ്മിനിസ്ട്രേറ്റര്‍ ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ യുവ ഇന്ത്യക്കാര്‍ യുപിഎസ്സി പരീക്ഷ എഴുതാവൂ എന്ന് അദ്ദേഹം പറഞ്ഞു.
‘ഇത്രയധികം ഊര്‍ജമുള്ള നിരവധി കുട്ടികള്‍ യുപിഎസ്സി പരീക്ഷകളെഴുതി സമയം പാഴാക്കുന്നതായി ഞാന്‍ കാണുന്നു. ഓരോ രാജ്യത്തിനും ബ്യൂറോക്രസി ആവശ്യമാണ്. പക്ഷേ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു പരീക്ഷയില്‍ വിജയിക്കാനായി തങ്ങളുടെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ ചിലവഴിക്കുന്നു. അവര്‍ അതേ ഊര്‍ജം മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കില്‍, നമ്മള്‍ കൂടുതല്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡലുകള്‍ നേടും, മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്നത് നാം കാണും, മികച്ച ഡോക്ടര്‍മാരെ കാണാനാവും, കൂടുതല്‍ സംരംഭകരെയും ശാസ്ത്രജ്ഞരെയും കാണാനാവും,’ സന്യാല്‍ വിശദീകരിച്ചു.
അവര്‍ അതേ ഊര്‍ജം മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കില്‍, നമ്മള്‍ കൂടുതല്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡലുകള്‍ നേടും, മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്നത് നാം കാണും, മികച്ച ഡോക്ടര്‍മാരെ കാണാനാവും, കൂടുതല്‍ സംരംഭകരെയും ശാസ്ത്രജ്ഞരെയും കാണാനാവും
ബ്യൂറോക്രസിയിലെ ജീവിതം എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ലെന്നും ഏതൊരു തൊഴിലിലെയും പോലെ, അത് വലിയതോതില്‍ മങ്ങിയതും ബോറടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മധ്യവര്‍ഗക്കാരുടെ, സംരംഭകത്വത്തോടുള്ള മനോഭാവം മാറിയെന്ന് സന്യാല്‍ പരാമര്‍ശിച്ചു. ”ആളുകള്‍ റിസ്‌ക് എടുക്കുന്നു, ഇത് മനോഭാവത്തിന്റെ മാറ്റമാണ്, ഈ മനോഭാവ മാറ്റം എല്ലാത്തിലും പ്രകടമാകും. അത് ശാസ്ത്രത്തില്‍ പ്രകടമാകും, സംഗീതത്തിലും സാഹിത്യത്തിലും പ്രകടമാകും,’ അദ്ദേഹം പറഞ്ഞു.

