ഇനി പഠനത്തോടൊപ്പം സംരംഭകത്വവും വളരും. ഇതിനായി വേറിട്ട ആശയമായ കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒരു വര്‍ഷത്തിനകം 25 പാര്‍ക്കുകള്‍ അല്ലെങ്കില്‍ എസ്ഡിഎഫുകള്‍ തുടങ്ങുകയാണു ലക്ഷ്യമെന്നും 79 സ്ഥാപനങ്ങളും രണ്ടു സര്‍വകലാശാലകളും താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. അക്കാദമിക പ്രവര്‍ത്തനത്തിന് ആവശ്യമുള്ളതിനെക്കാള്‍ അഞ്ചേക്കര്‍ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും പാര്‍ക്ക് തുടങ്ങാം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്നും പൂര്‍ണമായ പിന്തുണ ലഭിക്കും.
രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കില്‍ ബഹുനില വ്യവസായ യൂണിറ്റായ സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറി (എസ്ഡിഎഫ്) ആരംഭിക്കാം. അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒന്നരക്കോടി രൂപ വീതം ഓരോ സ്ഥാപനത്തിനും സര്‍ക്കാര്‍ വ്യവസായ ഇന്‍സെന്റീവ് നല്‍കും.

