സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കിന്‍ഫ്രയുടെയും കെ.എസ്.ഐ.ഡി.സിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇനി മുതല്‍ വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതി. പിന്നീട് രണ്ടുവര്‍ഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വര്‍ഷമാക്കുകയും ചെയ്യും.
കിന്‍ഫ്രയില്‍ നിന്ന് വ്യാവസായിക സംരംഭങ്ങള്‍ക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ക്ക് 30 മുതല്‍ 60 വര്‍ഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. ഇതില്‍ പാട്ടത്തുകയുടെ 10 ശതമാനം മുന്‍കൂറായും 50 ശതമാനം ഒരു മാസത്തിനകവും നല്‍കണം. ബാക്കി തുക പലിശ സഹിതം 2 വര്‍ഷം കൊണ്ട് അടക്കണമെന്നാണ് ചട്ടം. എന്നാല്‍ പുതുക്കിയ നിയമ പ്രകാരം എല്ലാ നിക്ഷേപകര്‍ക്കും 60 വര്‍ഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപയ്ക്ക് മുകളിലെ നിക്ഷേപമാണെങ്കില്‍ 90 വര്‍ഷം വരെ കാലാവധിയില്‍ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ അനുവദിക്കുക. 50-100 കോടി രൂപ വിഭാഗത്തില്‍ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേല്‍ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുന്‍കൂട്ടി അടച്ചാല്‍ മതി.
ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് നിഗമനം. 50 ഏക്കറിന് മുകളില്‍ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിള്‍, ഗ്രീന്‍ എനര്‍ജി മേഖലകളിലെ ഹ്രസ്വകാല പദ്ധതികളില്‍ വാര്‍ഷിക വാടക അടിസ്ഥാനത്തില്‍ ഭൂമി അനുവദിക്കും.

