Connect with us

Hi, what are you looking for?

Business & Corporates

ജീവിതം കരപറ്റിക്കുന്ന സീഗള്‍ ; അമരത്ത് ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍

1984 ല്‍ കേവലം 50 ചതുരശ്ര അടി മാത്രം വിസ്തീര്‍ണം വരുന്ന ഓഫീസില്‍ നിന്നും ആരംഭിച്ച ഒരു ട്രാവല്‍ ഏജന്‍സി കാലത്തിനൊത്ത് വികാസം പ്രാപിച്ചപ്പോള്‍, ഇന്ന് ലോകമെമ്പാടും വ്യാപിച്ച സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഈ മാറ്റത്തിനും മുന്നേറ്റത്തിനും കാരണക്കാരനായി സീഗളിന്റെ അമരത്ത് ചെയര്‍മാനായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ എന്ന ദീഷണാശാലിയായ സംരംഭകനാണ്.

ഹ്യൂമന്‍ റിസോഴ്സ് റിക്രൂട്ട്‌മെന്റ് സേവനത്തിലൂടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും തൊഴിലുറപ്പാക്കുകയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. മുപ്പതിലധികം ലോകരാജ്യങ്ങളില്‍ നെറ്റ്വര്‍ക്കുള്ള സ്ഥാപനം റിക്രൂട്ട്‌മെന്റ് മേഖലയില്‍ അപരാജിതരായി മുന്നേറുകയാണ്. 1984 ല്‍ കേവലം 50 ചതുരശ്ര അടി മാത്രം വിസ്തീര്‍ണം വരുന്ന ഓഫീസില്‍ നിന്നും ആരംഭിച്ച ഒരു ട്രാവല്‍ ഏജന്‍സി കാലത്തിനൊത്ത് വികാസം പ്രാപിച്ചപ്പോള്‍, ഇന്ന് ലോകമെമ്പാടും വ്യാപിച്ച സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഈ മാറ്റത്തിനും മുന്നേറ്റത്തിനും കാരണക്കാരനായി സീഗളിന്റെ അമരത്ത് ചെയര്‍മാനായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ എന്ന ദീഷണാശാലിയായ സംരംഭകനാണ്. സംരംഭകത്വത്തിലെ കയറ്റിറക്കങ്ങള്‍ ഒരേപോലെ ആസ്വദിച്ചു മുന്നേറിയ സുരേഷ് കുമാര്‍ മധുസൂദനന്റെയും സീഗളിന്റെയും വിജയയാത്ര ഇങ്ങനെയാണ്…

ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍

സീഗള്‍, കാഴ്ചയില്‍ മനോഹരമായ ഒരു കടല്‍ പക്ഷി. എന്നാല്‍ കാഴ്ചയിലുള്ള സൗന്ദര്യത്തേക്കാളേറെ സീഗളിനെ വ്യത്യസ്തമാക്കുന്നത് ആര്‍ത്തുലയ്ക്കുന്ന സമുദ്രത്തിലും സമുദ്രത്തെ തൊട്ടുകിടക്കുന്ന മണ്ണിലും ഒരു പോലെ സഞ്ചരിക്കാനുള്ള കഴിവാണ്. തിരമാലകളെ ഭേദിച്ച് പറക്കുന്ന സീഗള്‍ അതേ താളത്തില്‍ തന്നെ മണല്‍തിട്ടയിലൂടെ നടക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇരു ഭൂപ്രകൃതിയിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരേയൊരു കടല്‍പക്ഷിയാണ് സീഗള്‍. സമാനമായ രീതിയില്‍ ഏത് അവസ്ഥയെയും മറികടക്കാനും പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലെത്താനും കഴിവുള്ള സ്ഥാപനമാണ് മുംബൈയില്‍ രൂപം കൊണ്ട് മുപ്പതിലേറെ ലോകരാജ്യങ്ങളില്‍ വ്യാപിച്ച സീഗള്‍ ഇന്റര്‍നാഷണല്‍. പലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് സീഗള്‍ പക്ഷിയെ പോലെ ഏത് അവസ്ഥയിലും തന്റെ മികവ് തെളിയിക്കുന്ന ഈ സ്ഥാപനത്തിന് സീഗള്‍ എന്ന പേര് എന്ത് കൊണ്ടും ചേരും.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് മേഖലയില്‍ തനത് വ്യക്തിത്വം തെളിയിച്ചുകൊണ്ട് സീഗള്‍ ഇന്റര്‍നാഷണല്‍ മുന്നേറുന്നു. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജീവിതം സുരക്ഷിതമാക്കുന്നതിന് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ ക്ലാപ്പന എന്ന ഗ്രാമത്തില്‍ ജനിച്ച് മുംബൈ
നഗരത്തിലെത്തി സംരംഭകന്റെ കുപ്പായം ധരിച്ച ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ നേതൃത്വം നല്‍കുന്ന സീഗള്‍ ഇന്റര്‍നാഷനലിന്റെ തുടക്കവും വളര്‍ച്ചയും സംരംഭകര്‍ക്ക് എന്നുമൊരു പാഠമാണ്.

സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയ മുംബൈ

ഒരിക്കലും മുന്‍കൂട്ടി ഉറപ്പിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ച് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയല്ല സുരേഷ് കുമാര്‍ മധുസൂദനന്‍. തനിക്ക് മുന്നില്‍ വന്ന സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റി നേടിയ വിജയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഫര്‍ണിച്ചര്‍ ബിസിനസ് ചെയ്തിരുന്ന അച്ഛന്‍ അടുത്തതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുംബൈ നഗരത്തിലേക്ക് ചേക്കേറുന്നത്. അദ്ദേഹത്തിന്റെ മൂന്നു ആണ്മക്കളില്‍ മൂത്തവനായ സുരേഷ്‌കുമാര്‍ പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. മൂത്തമകനെ ഐഐടിയില്‍ പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ ഭാഗമായി പ്രീഡിഗ്രി പഠനം കഴിഞ്ഞ ശേഷം സുരേഷ് കുമാര്‍ മുംബൈയില്‍ എത്തുകയും ഐഐടി പ്രവേശന പരീക്ഷ എഴുതുകയും ചെയ്തു.

എന്നാല്‍ ഭാഗ്യമോ, നിര്‍ഭാഗ്യമോ അദ്ദേഹത്തിന് പരീക്ഷയില്‍ വിജയിക്കാനായില്ല. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തെരെഞ്ഞെടുത്ത മാര്‍ഗമായിരുന്നു അച്ഛനെ ബിസിനസില്‍ സഹായിക്കുക എന്നത്. സംരംഭകത്വത്തിലെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി മുംബൈ നഗരത്തിലെത്തിയ പിതാവ് മധുസൂദനന്‍ ഫര്‍ണിച്ചര്‍ ബിസിനസ് വിട്ട് ട്രാവല്‍ ഏജന്‍സി ബിസിനസിലേക്ക് കടന്നു. സുരേഷ് കുമാറിന്റെ തുടക്കവും അവിടെ നിന്നുമായിരുന്നു. മുംബൈയിലെ 50 ചതുരശ്ര അടി വിസ്തീര്‍ണം മാത്രമുള്ള ഓഫീസിനുള്ളില്‍ ട്രാവല്‍ ഏജന്‍സി, ടൈപ്പിംഗ്, ഫോട്ടോ സ്റ്റാറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ നടത്തിയിരുന്ന ആ ഓഫീസില്‍ നിന്നുമായിരുന്നു ഇന്നത്തെ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ വളര്‍ച്ച.

1985 ല്‍ ആരംഭിച്ച സ്ഥാപനം 1990-92 ആയപ്പോഴേക്കും എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് മേഖലയിലേക്ക് വ്യാപിക്കുകയും സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു. എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഇന്ത്യയില്‍ വേരുറപ്പിച്ചു തുടങ്ങുന്ന സമയത്തായിരുന്നു സീഗള്‍ ഇന്റര്‍നാഷണലിന്റെ വരവ്.

അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി അനുയോജ്യമായ ജോലി കണ്ടെത്തി നല്‍കുന്നതില്‍ പ്രയത്‌നിച്ചു വിജയിച്ച സ്ഥാപനം പിന്നീടങ്ങോട്ട് വളരുകയായിരുന്നു. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രവര്‍ത്തനമികവുള്ള തൊഴിലാളികള്‍ അനിവാര്യമാണ്. എന്നാല്‍ മികച്ച തൊഴിലാളികളെ തേടിക്കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തങ്ങളുടെ ക്ലയന്റ് ലിസ്റ്റില്‍ പെട്ട കമ്പനികള്‍ക്ക് മികവുറ്റ തൊഴിലാളികളെ കണ്ടെത്തി നല്‍കുന്നതിലൂടെയാണ് സീഗള്‍ ഇന്റര്‍നാഷണല്‍ ഈ രംഗത്ത് ശ്രദ്ധേയരാകാന്‍ തുടങ്ങിയത്.

ഹാര്‍മണി അണ്‍വീല്‍ഡ് പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ നടത്തിയപ്പോള്‍.

ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ് തുടങ്ങി അനേകം രാജ്യങ്ങളുടെ വിശ്വസ്ത എച്ച് ആര്‍ റിക്രൂട്ടര്‍ ആയി ചുരുങ്ങിയ കാലത്തിനുള്ളില്‍ സീഗള്‍ മാറി. ഗ്യാസ്, മറൈന്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നല്‍കുന്നതില്‍ വിജയിച്ച സീഗള്‍ ബ്ലൂ കോളര്‍, ഗ്രെ കോളര്‍ ജോലികള്‍ക്ക് ഒപ്പം വൈറ്റ് കോളര്‍ ജോലികളുടെയും റിക്രൂട്ടര്‍ ആയി മാറി. ഇന്ന് ഈ മേഖലയില്‍ പകരക്കാരില്ലാത്ത വിധം മുന്നേറ്റം സീഗള്‍ ഇന്റര്‍നാഷണല്‍ കൈവരിച്ചു കഴിഞ്ഞു. ഒരു ഐഎസ്ഒ സര്‍ട്ടിഫൈഡ് ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്റാണ് സീഗള്‍ ഇന്റര്‍നാഷണല്‍.

മുംബൈ ആസ്ഥാനവും ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചിന്‍, ബറോഡ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ശാഖകളും നേപ്പാള്‍, ശ്രീലങ്ക, യുഎഇ, സൗദി അറേ
ബ്യാ, ഖത്തര്‍, യുകെ, സ്വീഡന്‍, ലിതുവാനിയ, കെനിയ എന്നിവിടങ്ങളില്‍ വിദേശ ശാഖകളുമുണ്ട് ഈ സ്ഥാപനത്തിന്. വിദേശകാര്യ മന്ത്രാലയത്തിന്റെ 5 സ്റ്റാര്‍ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സീഗള്‍ ഇന്റര്‍നാഷണല്‍.

2006 ല്‍ കേരളത്തിലേക്ക്

കേരള വിപണിയുടെ സാധ്യതകള്‍ മനസിലാക്കിയാണ് സീഗള്‍ ഇന്റര്‍നാഷണല്‍ 2006 ല്‍ കൊച്ചിയില്‍ ഓഫീസ് തുറന്നത്. കേരളത്തില്‍ നിന്നും ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ വിദേശജോലി ആഗ്രഹിക്കുന്നുണ്ടെന്നതും ഒരു മലയാളി സംരംഭം എന്ന നിലയില്‍ കേരളത്തിലേക്ക് തിരികെയെത്തണം എന്ന ആഗ്രഹവുമാണ് കൊച്ചിയില്‍ ഓഫീസ് തുടങ്ങാന്‍ സീഗളിനെ പ്രേരിപ്പിച്ചത്. അക്കാലയളവില്‍ കേരളത്തില്‍ നിന്നും യൂറോപ്, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മൈഗ്രെഷന്‍ വളരെ ഉയര്‍ന്ന രീതിയിലായിരുന്നു. അതിനാല്‍ തന്നെ റിക്രൂട്ട്‌മെന്റ് ഫീസ് ഒന്നുംതന്നെ ഈടാക്കാത്ത സ്ഥാപനം എന്ന നിലയില്‍ സീഗള്‍ വളരെ വേഗത്തില്‍ ജനപ്രീതി നേടി.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ സീഗളിനെ തേടിയെത്തി. കഴിഞ്ഞ 18 വര്‍ഷത്തെ കേരളത്തിലെ പ്രവര്‍ത്തന കാലയളവില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിര സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. എല്ലാവിധ ഇമ്മിഗ്രേഷന്‍ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഉദ്യോഗാര്‍ത്ഥികളുടെയും ക്ലയന്റുകളായ സ്ഥാപനങ്ങളുടെയും വിശ്വാസ്യത പിടിച്ചു പറ്റിയത്. മറ്റ് എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് സങ്കീര്‍ണമല്ലാത്ത നടപടികളാണ് സീഗളിനെ വ്യത്യസ്തമാക്കുന്നത്. അര്‍ഹിക്കുന്ന ഓരോ വ്യക്തിക്കും ജോലി ലഭ്യമാക്കുന്ന രീതിയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് റിക്രൂട്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സീഗള്‍ സേവനങ്ങള്‍

മറ്റ് എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് സീഗളിന്റെ പ്രവര്‍ത്തനം. ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജോലി ലഭിക്കുന്നതിനായി യാതൊരുവിധ ഫീസുകളും സീഗള്‍ ഈടാക്കുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും
വിദ്യാഭ്യാസത്തിനും ചേര്‍ന്ന ജോലികള്‍ക്കായി സീഗളിന്റെ www.seagulljobs4u.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയ വഴിയും വേക്കന്‍സികള്‍ക്ക് ആനുപാതികമായി പരസ്യങ്ങള്‍ സീഗള്‍ നല്‍കാറുണ്ട്. ഇത് അനുസരിച്ച് ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആ ജോലിക്ക് ഉചിതമായ അപേക്ഷകരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

‘ഹാര്‍മണി അണ്‍വീല്‍ഡ്’- ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് പ്രോഗ്രസ്സ് എന്ന പുസ്തകം വത്തിക്കാനില്‍ വിശുദ്ധ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സിന് നല്‍കുന്നു.

തുടര്‍ന്ന്, ക്ലയന്റ് ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന തുടങ്ങിയ പ്രോസസുകള്‍ നടക്കുന്നു. അതിനു ശേഷം, ഉദ്യോഗാര്‍ത്ഥിക്ക് നിയമനം ലഭിക്കുകയാണെങ്കില്‍ വിസ വരികയും ഉദ്യോഗാര്‍ത്ഥിക്ക് ജോലിക്കായി പോകാന്‍ സാധിക്കുകയും ചെയ്യുന്നു. മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നല്‍കുന്നതിന് ജോലി നല്‍കുന്ന സ്ഥാപനമാണ് സീഗളിന് ഫീസ് നല്‍കുന്നത്. അതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും മികച്ച പിന്തുണയാണ് ഈ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നത്.

മുപ്പതോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ളതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ഇഷ്ടമുള്ള രാജ്യത്ത് ജോലി ലഭിക്കുകയും ചെയ്യുന്നു. മിഡില്‍ ഈസ്റ്റില്‍ സൗദിയാണ് ഏറ്റവും മികച്ച തൊഴില്‍ ദാതാവ്. യൂറോപ്പില്‍ നിന്നും വന്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെത്തേടിയെത്തുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ നിന്നാണ് അവസരങ്ങള്‍ ഏറെയും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവസരങ്ങള്‍ കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളിലൂടെ മാത്രം റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ പറയുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ ഇരുന്നൂറോളം ഏജന്‍സികള്‍ ഉണ്ടെങ്കിലും മുപ്പതോളം മാത്രമാണ് ശരിയായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കായും റിക്രൂട്ട്‌മെന്റ്

വിദേശ രാജ്യങ്ങളിലുള്ള ക്ലയന്റുകള്‍ക്ക് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് പുറമേ, ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടിയും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയിലേക്ക് ആവശ്യമായ പ്രൊഫഷനല്‍സിനെ അദാനി പോര്‍ട്ടിന് വേണ്ടി റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി സീഗള്‍ സ്റ്റാഫിങ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു. വിദേശത്തേക്ക് ആയാലും സ്വദേശത്തേക്ക് ആയാലും റിക്രൂട്ട്‌മെന്റ് വഴി ആഗ്രഹിക്കുന്ന, ശരിയായ ജോലിയിലേക്ക് ഒരു വ്യക്തിയെ എത്തിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് പറയുന്നു സുരേഷ് കുമാര്‍.

ഒരച്ഛനും മകനും അവരുടെ സ്വപ്നങ്ങളെ ചേര്‍ത്ത് പിടിച്ചാരംഭിച്ച സ്ഥാപനം ഇന്ന് ലോകരാജ്യങ്ങളില്‍ വ്യാപിച്ച് എണ്ണൂറോളം തൊഴിലാളികളുമായി മുന്നേറുകയാണ്. വിട്ടുവീഴ്ചയില്ലാത്ത സേവനം, ആത്മാര്‍ത്ഥമായ പെരുമാറ്റം, ടീം വര്‍ക്ക് എന്നിവ മുറുകെപ്പിടിച്ചാണ് സ്ഥാപനം വിജയത്തിലേക്ക് കുതിച്ചത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.

പ്രതിസന്ധികള്‍ കരുത്ത്, പ്രചോദനമായി കൊറോണക്കാലം

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ, സമാനമായ രീതിയിലാണ് സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയും. 50 ചതുരശ്ര അടി വിസ്തീര്‍ണം മാത്രമുണ്ടായിരുന്ന മുംബൈയിലെ ഓഫീസില്‍ നിന്ന് തുടങ്ങി, പലയിടങ്ങളിലായി വിവിധ ഓഫീസ് സമുച്ചയങ്ങളിലേക്ക് വ്യാപിച്ച സീഗളിന്റെ വളര്‍ച്ച ഒരിക്കലും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ ഒരു ഫോര്‍മാറ്റിലൂടെ ആയിരുന്നില്ല. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയ ലക്ഷ്യങ്ങളിലൂടെയാണ് ഓരോ കാലഘട്ടത്തിലും സ്ഥാപനം മുന്നേറിയിട്ടുള്ളത്. തൊട്ടതെല്ലാം പൊന്നാക്കിയല്ല, വളര്‍ച്ചയും തളര്‍ച്ചയും ഒരുപോലെ മനസിലാക്കി, വീഴ്ചയില്‍ നിന്നും ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സ്ഥാപനം മുന്നേറിയിട്ടുള്ളത്.

സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനൊപ്പം സഹോദര സ്ഥാപനമായി സീഗള്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സിയും നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് യാത്രകള്‍ സജ്ജീകരിച്ചു നല്‍കുന്നതിലൂടെ ശ്രദ്ധേയമായ സ്ഥാപനം കൊറോണക്ക് തൊട്ടു മുന്‍പായാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. അതിനാല്‍ തന്നെ യാത്രകള്‍ക്ക് വിലക്കുണ്ടായിരുന്ന കൊറോണക്കാലഘട്ടത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ഒരു ഭാരമായില്ല. മാനേജ്മെന്റിന്റെ ദീര്‍ഘദര്‍ശനമാണ് ഇത്തരം ഘട്ടങ്ങളില്‍ ഗുണം ചെയ്തത്.

ഒട്ടുമിക്ക സംരംഭങ്ങളും അതിന്റെ ഏറ്റവും മോശമായ അവസ്ഥ കണ്ട കൊറോണക്കാലം പോലും ഫലപ്രദമായി, വികസനോന്മുഖമായി വിനിയോഗിക്കാന്‍ സീഗള്‍ ഇന്റര്‍നാഷനലിനു കഴിഞ്ഞു. വരുമാനം നിലച്ചിരിക്കുന്ന സമയമായിട്ട് കൂടി തൊഴിലാളികളെ എല്ലാം നിലനിര്‍ത്തുക എന്ന പോളിസിയാണ് സ്ഥാപനം സ്വീകരിച്ചത്. അന്‍പത് ശതമാനം എന്ന നിരക്കിലേക്ക് ചില മാസങ്ങളില്‍ ശമ്പളം നിജപ്പെടുത്തിയെങ്കിലും തൊട്ടടുത്ത മാസങ്ങളില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.

കൊറോണക്കാലത്തെ പുതിയ കാര്യങ്ങള്‍ പഠിക്കാനും മുന്നേറാനുമുള്ള സമയമായാണ് സുരേഷ് കുമാര്‍ മധുസൂദനനും കൂട്ടരും കണ്ടത്. സാങ്കേതികപരമായി മികച്ച പഠനങ്ങള്‍ നടത്തുന്നതിനും അത് സ്ഥാപനത്തിനകത്ത് നടപ്പിലാക്കുന്നതിനുമായി ഇക്കാലം വിനിയോഗിച്ചു. കൂട്ടായ
പരിശ്രമത്തിന്റെ കാലമായിരുന്നു അത്. പുതിയ നയങ്ങള്‍ നടപ്പിലാക്കാനും സാങ്കേതികവിദ്യ അതിന്റെ പൂര്‍ണതയില്‍ ഉപയോഗിക്കാനും ഈ കാലഘട്ടത്തില്‍ സ്ഥാപനം സജ്ജമായി.

”കൂടെ നില്‍ക്കുന്നവരെ എന്നും ചേര്‍ത്ത് പിടിച്ചു മുന്നേറാനാണ് ഞങ്ങള്‍ ശീലിച്ചിട്ടുള്ളത്. കാരണം സീഗള്‍ ഇന്റര്‍നാഷണല്‍ വളര്‍ന്നിട്ടുള്ളത് കൂട്ടായ പരിശ്രമത്തിലൂടെയാണ്. അതിനാല്‍ തന്നെ, ലോകം മുഴുവന്‍ ഒരു മഹാവിപത്തിനെ നേരിടുന്ന സമയത്ത്, ആ പേര് പറഞ്ഞു ഒരാളുടെയും വരുമാനം ഇല്ലാതാക്കരുതെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. കൊറോണക്കാലത്ത് പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെങ്കിലും ആരുടേയും വരുമാനം ഇല്ലാതാക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നില്ല. ആ ചേര്‍ത്തു നിര്‍ത്തലിന്റെ ഫലം തുടര്‍ന്നുള്ള ഞങ്ങളുടെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. ആത്മാര്‍ത്ഥതയുള്ള, ടീം വര്‍ക്കില്‍ വിശ്വസിക്കുന്ന തൊഴിലാളികളാണ് എന്നും സ്ഥാപനത്തിന്റെ ശക്തി” സീഗള്‍ ഇന്റര്‍നാഷനലിന്റെ ചെയര്‍മാന്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ പറയുന്നു.

എംബിഎ ബിരുദധാരിയായ മകള്‍ ആമേയയും ബിടെക് ബിരുദധാരിയായ മകന്‍ ശ്രേയസും പിതാവിനോടൊപ്പം ബിസിനസില്‍ സജീവമാണ്.

സീഗളിന്റെ വിജയരഹസ്യം; സുരേഷ് കുമാറിന്റെയും !

സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തെയും സുരേഷ് കുമാര്‍ മധുസൂദനന്‍ എന്ന പ്രതിഭാധനനായ സംരംഭകനെയും സംബന്ധിച്ചിടത്തോളം വിജയമെന്നത് കയ്യെത്തിപ്പിടിച്ചെടുത്ത ഒരു നേട്ടം തന്നെയായിരുന്നു. സംരംഭകത്വത്തില്‍ നിയോഗം കൊണ്ട് എത്തിച്ചേരുകയും പിന്നീട് അത് പാഷനാക്കി മാറ്റുകയും ചെയ്ത വ്യക്തിയാണ് സുരേഷ് കുമാര്‍ മധുസൂദനന്‍. നേടിയതെല്ലാം ചിരപ്രയത്‌നത്തിന്റെ ഭാഗമായുള്ള കാര്യങ്ങളാ
യിരുന്നു. ഈ സംരംഭകയാത്രയില്‍ പ്രധാനമായും അഞ്ചു കാര്യങ്ങളെയാണ് അദ്ദേഹം തന്റെ വിജയപഥത്തില്‍ ചേര്‍ത്തു വച്ചത്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയമന്ത്രവും.

1. മാറ്റം ഉള്‍ക്കൊള്ളുക – നമുക്ക് ചുറ്റും അനേകം അവസരങ്ങളുണ്ട്. അത് എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിക്കണം. സംരംഭകത്വത്തില്‍ ഏറെ നിര്‍ണായകമായ കാര്യമാണിത്. സ്ഥാപനം തുടങ്ങിയ കാലത്തെ അതെ സ്ട്രാറ്റജിയും രീതികളും തന്നെ പിന്നീടും തുടര്‍ന്ന് പോയിരുന്നു എങ്കില്‍ സീഗളിന് ഏറെക്കാലം നിലനില്‍ക്കാന്‍ ആവില്ലായിരുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും സങ്കല്‍പങ്ങളും മനസിലാക്കി സ്വയം മാറാന്‍ കഴിഞ്ഞതിലൂടെയാണ് സീഗള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങിയത്. അതിനാല്‍ തന്നെ സ്വയം അപ്ഡേറ്റഡ് ആയിരിക്കുക എന്നത് സംരംഭകനെ സംബന്ധിച്ചതും സംരംഭകത്വത്തെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്.

2. ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുക – തൊഴിലില്‍ ആത്മാര്‍ത്ഥതയ്ക്ക് വലിയ സ്ഥാനമാണുള്ളത്. സീഗള്‍ ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് തെളിയിച്ച കാര്യമാണത്. സ്ഥാപനത്തിലെ എല്ലാ തൊഴിലാളികളോടും സുരേഷ് കുമാര്‍ മധുസൂദനന്‍ പറയുന്നത് ജീവിതത്തില്‍ ഏത് മേഖലയില്‍ ആണെങ്കിലും ആത്മാര്‍ത്ഥത കൈവിടാതെ പരിശ്രമിക്കുക എന്നതാണ്.

3. കൂട്ടായ പ്രയത്‌നം – ടീം സ്പിരിറ്റ് എന്നത് ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ കൂട്ടായ പ്രയത്‌നം കൊണ്ട് സാധിക്കുന്നു. തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും ഇടയില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഇത്തരത്തില്‍ കൂട്ടായ പ്രയത്‌നത്തെ ഏകോപിപ്പിക്കുവാന്‍ അദ്ദേഹം സദാ പ്രയത്‌നിക്കുന്ന വ്യക്തിയാണ്.

4. വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകുക – സംരംഭകത്വത്തില്‍ ആണെങ്കിലും വ്യക്തി ജീവിതത്തിലാണെങ്കിലും വിജയിക്കുന്നതിനായി ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. സ്ഥിരതയാര്‍ന്ന ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യത്തിലേക്ക് അടുക്കുന്ന രീതിയില്‍ വേണം പ്രവര്‍ത്തനങ്ങളും പദ്ധതികളും വിഭാവനം ചെയ്യാന്‍. ഓരോ ഘട്ടത്തിലും പദ്ധതികള്‍ ശരിയായി വിശകലനം ചെയ്ത് മുന്നേറുവാന്‍ സാധിക്കണം. മാറ്റം അനിവാര്യമായ സ്ഥലങ്ങളില്‍ അത് കൊണ്ട് വരികയും വേണം.

5. ടൈം മാനേജ്മെന്റ് – സമയമെന്നത് ഒരിക്കല്‍ നഷ്ടമായാല്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത ഒന്നാണ്. അതിനാല്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാനും സമയം നഷ്ടപ്പെടാതെ പ്രയത്‌നിക്കാനും സാധിക്കുക എന്നത് പരമപ്രധാനമാണ്. സുരേഷ്‌കുമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്ത വ്യക്തിയാണ്. തന്റെ സ്ഥാപനത്തിലെ ഓരോ വ്യക്തികളോടും ഈ രീതി പിന്തുടരാന്‍ അദ്ദേഹം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.

ഗുരുവിന്റെ ദര്‍ശനം പിന്തുടര്‍ന്ന്…

‘വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടന കൊണ്ടു ശക്തരാവുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക” എന്ന ഗുരുദര്‍ശനം യാഥാര്‍ഥ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സുരേഷ്‌കുമാര്‍ മധുസൂദനന്‍. സീഗള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഓരോ വിജയത്തിന് പിന്നിലും ഇത്തരം ദര്‍ശനം വ്യക്തമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഗുരുദേവ സന്ദേശങ്ങളും ഗുരു ദര്‍ശനവും പിന്തുടരുന്ന അദ്ദേഹം ഗുരു ദര്‍ശനം ഇംഗ്‌ളീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അക്കാലത്തെ പറഞ്ഞ ഗുരുവിന്റെ പാതയിലൂടെയുള്ള ജീവിതം വ്യക്തിപരമായും തൊഴില്‍ പരമായും നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.

‘ഹാര്‍മണി അണ്‍വീല്‍ഡ് ‘ – ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് പ്രോഗ്രസ്സ് വത്തിക്കാനില്‍ പ്രകാശനം ചെയ്യുന്നു.

ഗുരുവിന്റെ സന്ദേശങ്ങളും ദര്‍ശനവും ലോകജനതയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. സുരേഷ് കുമാറും ഡോ. പ്രകാശ് ദിവാകരനും ചേര്‍ന്ന് രചിച്ച ‘Harmony Unveild’ þ Sree Narayana Guru’s Blue Print for World Peace and Progress’ എന്ന ഇംഗ്ലീഷ് പുസ്തകം അന്താരാഷ്ട്ര പ്രശസ്തി നേടുകയാണ്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വച്ച് പ്രസാധനം ചെയ്ത ഈ പുസ്തകം വത്തിക്കാനില്‍ നടന്ന സര്‍വ മത സമ്മേളനത്തില്‍ പുനപ്രകാശനം ചെയ്യുകയും വിശുദ്ധ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സിന് അതിന്റെ ഒരു കോപ്പി നല്‍കി അനുഗ്രഹം വാങ്ങാനും സുരേഷ് കുമാറിന് സാധിച്ചത് ജീവിതത്തിലെ ഏറ്റവും മഹനീയ മുഹൂര്‍ത്തമായി അദ്ദേഹം കരുതുന്നു. ഈ പുസ്തകം അടുത്തിടെ വിശ്വ പ്രസിദ്ധമായ കേംബ്രിഡ്ജ് സര്‍വ്വകലാശാലക്കും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലക്കും ഗവേഷണാര്‍ത്ഥം നേരിട്ട് കൈമാറുവാനും സുരേഷ് കുമാറിന് സാധിച്ചിരുന്നു.

തന്റെ പിതാവ് ഗാലക്സി കെ. മധുസൂദനന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതവും ഗുരുവിന്റെ നിര്‍ദേശ പ്രകാരം 106 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ ക്ലാപ്പന ഷണ്മുഖ വിലാസം ഹൈയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 3D എഡ്യൂക്കേഷണല്‍ തീയറ്റര്‍ ആധുനിക സാങ്കേതിക വിദ്യയില്‍ അദ്ദേഹം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ പഠിച്ച സ്‌കൂളിന് ഗുരു ദക്ഷിണ എന്ന രീതിയിലാണ് ഈ മഹത്തായ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ഷണ്മുഖ വിലാസം ഹൈയര്‍ സെക്കണ്ടറി സ്‌കൂളില്‍ പണിതുയര്‍ത്തിയ എഡ്യൂക്കേഷണല്‍ ത്രീഡി തീയറ്റര്‍ അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ സ്‌കൂള്‍ പഠനം ലോക നിലവാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ സ്‌കൂളിന്റെ മറ്റൊരു പ്രത്യകത 1986 സ്ഥാപിച്ച പോട്രെയ്റ്റ് ഗ്യാലറിയാണ്. ഭാരതത്തിലും വിദേശത്തുമായി അറിയപ്പെടുന്ന മഹാരഥന്മാരുടെ 300 പരം ചിത്രങ്ങളാണ് സ്‌കൂള്‍ ഗ്യാലറിയില്‍ ഉള്ളത്. ഏഷ്യയിലെ പോട്രെയ്റ്റ് ഗ്യാലറിയുള്ള ആദ്യത്തെ സ്‌കൂള്‍ എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍