വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ സമയം ഏറെക്കുറെ കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യ വളരെ ഉയര്‍ന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകളാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. 2018 ല്‍ അത് ഒരുകോടി ഇരുപത് ലക്ഷം ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിനാല്‍ കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തില്‍ ബാക്കിയുള്ളൂ. കാമറകള്‍ ഒക്കെ പോയതിനു ശേഷവും അത് കാര്യക്ഷമമായി സമയബന്ധിതമായി ചെയ്യുക എന്നതാണ് പ്രധാനം.

എന്നാല്‍ ഇതിനേക്കാള്‍ പ്രധാനമായതും ബുദ്ധിമുട്ടുള്ളതുമായ മറ്റൊന്നുണ്ട്. ഈ ദുരന്തത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിച്ച് കേരള സമൂഹത്തെയാകെ സുരക്ഷിതമാക്കുക എന്നത്. അതത്ര എളുപ്പമല്ല. നമ്മുടെ തന്നെ പഠനങ്ങള്‍ അനുസരിച്ച് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഒരു പ്രദേശത്ത് തന്നെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ അതിതീവ്രമഴ നമ്മുടെ പഴയ കണക്കുകൂട്ടലുകളെ തെറ്റിച്ചു തുടങ്ങിയെന്നും നാം മനസിലാക്കുന്നു. ഉരുള്‍ പൊട്ടിയ പ്രദേശത്തിനും ഏറെ താഴെ വരെയുള്ള ആളുകള്‍ അപകടത്തില്‍ പെട്ടു, ജീവനും, സ്വത്തും, ഭൂമിയും നഷ്ടപ്പെട്ടു.
ആ പ്രദേശം ഇനി പുനരധിവാസത്തിന് യോഗ്യമല്ല എന്ന് എല്ലാവരും ചിന്തിക്കുന്നു.അപ്പോള്‍, കേരളത്തില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് നാം വരച്ചുവെച്ചിരിക്കുന്ന മറ്റു പ്രദേശങ്ങളില്‍ എന്താണ് ചെയ്യേണ്ടത് ? ആ പ്രദേശങ്ങളുടെ താഴെ എവിടെവരെ ഉരുള്‍പൊട്ടലിന്റെ പ്രവാഹം എത്താം? അത് പഠിക്കേണ്ടേ ? അവിടെയുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?
ഓരോ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോഴും ആ പ്രദേശത്തെ ആളുകളെ മാറ്റിത്താമസിപ്പിച്ചാല്‍ മതിയോ? ഉരുള്‍പൊട്ടല്‍ സാധ്യതയും അവിടെ നിന്നൊഴുകിവരുന്ന പ്രവാഹം ദുരന്തം വിതക്കാന്‍ ഇടയുള്ള സ്ഥലങ്ങളൂം കൂടി കേരളത്തില്‍ എത്രമാത്രം സ്ഥലം ഉണ്ടാകും? അവിടെയെല്ലാം എത്ര ആളുകള്‍ ഉണ്ടാകും? അവരെയെല്ലാം മാറ്റിത്താമസിപ്പിക്കാന്‍ സാധിക്കുമോ? അതാണോ പോംവഴി?, അത് മാത്രമാണോ പോംവഴി? ഇതെല്ലാമാണ് കേരളസമൂഹം ചിന്തിക്കേണ്ടത്.

എന്തെല്ലാം ശ്രദ്ധിക്കണം?
ഇതിപ്പോള്‍ ഉരുള്‍പൊട്ടലായത് കൊണ്ട് നമ്മുടെ ശ്രദ്ധ മലയിലാണ്. നാളെ ഇത് കടലാക്രമണമായി തീരപ്രദേശത്താകും. അവിടുത്തെ ആളുകളെ എന്ത് ചെയ്യും? മറ്റന്നാള്‍ പ്രളയമായി ഇടനാട്ടിലാകുമ്പോഴോ? കുട്ടനാട് മുതല്‍ ചാലക്കുടി വരെയുള്ള ആളുകള്‍ പ്രളയത്തില്‍ മുങ്ങിയത് നാം കണ്ടതാണ്. അവിടെയുള്ളവര്‍ എന്ത് ചെയ്യണം? അതിതീവ്രമഴയോടൊപ്പം ജലനിരപ്പുയരുക കൂടി ചേര്‍ന്നാല്‍ നമ്മുടെ തീരദേശ നഗരങ്ങളില്‍ പലയിടത്തും ജീവിതം ദുഃസഹമാകും. അവരെ എന്ത് ചെയ്യണം?
ഉരുള്‍ / അതിതീവ്ര മഴയെ നമുക്ക് തടയാന്‍ സാധിക്കില്ല. കുന്നിന്റെ ചെരുവിനെ മാറ്റാനോ സമുദ്രനിരപ്പ് ഉയരുന്നതിനെ തടയാനോ സാധിക്കില്ല, സമുദ്രനിരപ്പിന് താഴെയുള്ള നമ്മുടെ പ്രദേശങ്ങളെ ഉയര്‍ത്താനും സാധിക്കില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് നമ്മള്‍ സുരക്ഷിതമായ ഒരു കേരളം ഉണ്ടാക്കുന്നത്? നമ്മുടെ ഭാവി തലമുറയെ എങ്ങനെയാണ് സുരക്ഷിതമാക്കുന്നത്?ചിന്തിച്ചാല്‍ തന്നെ തലപെരുക്കും.

ഒരു മുണ്ടക്കൈയ്യില്‍ സമൂഹം ഒറ്റ മനസ്സായി കൈമെയ് മറന്നു പ്രവര്‍ത്തിച്ചത് കൊണ്ടോ, അവിടെയുള്ള പതിനായിരം ആളുകളെ സുരക്ഷിതമാക്കിയതുകൊണ്ടോ തീരാവുന്ന വിഷയമല്ല കേരളത്തിലെ സുരക്ഷ എന്ന് പറയാന്‍ വേണ്ടി പറഞ്ഞതാണ്.
പൂര്‍ണ്ണ സുരക്ഷ എന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ സാധ്യമായ ഒന്നല്ല. സുരക്ഷ എന്നാല്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മാത്രമല്ലല്ലോ. റോഡപകടങ്ങളില്‍ നിന്നും, മറ്റപകടങ്ങളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും എല്ലാമുള്ള സുരക്ഷയും പ്രധാനമാണ്. കേരളത്തില്‍ എല്ലാത്തരം അപകടങ്ങളില്‍ നിന്നും എല്ലാ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മരിക്കുന്നവരുടേതിനേക്കാള്‍ ഇരട്ടി ആളുകളാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. അപ്പോള്‍ സമൂഹം സുരക്ഷിതമാകണമെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കപ്പുറവും പല കാര്യങ്ങള്‍ ചെയ്യാനുണ്ട്.

മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ സുരക്ഷാ ഉറപ്പാക്കുന്നതെങ്ങനെ?
എന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആപേക്ഷികമായി സുരക്ഷ വര്‍ധിപ്പിക്കുന്നത് എന്ന് പറയാം. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ലോകത്ത് അനവധി പ്രദേശങ്ങളില്‍ ഉണ്ടല്ലോ. ഇവയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നത് ചൈന, ജപ്പാന്‍, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലാണ്.
ഇതില്‍ ജപ്പാനും ചൈനയും ഇറ്റലിയും ഭൂകമ്പസാധ്യതകള്‍ കൂടിയ പ്രദേശങ്ങളാണ്. അത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ചൈനയില്‍ 2008 ലെ ഭൂകമ്പത്തിന് ശേഷം പെയ്ത മഴയില്‍ ഒറ്റ ദിവസം ആയിരത്തിലേറെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ചില സ്ഥലങ്ങളില്‍ അത് നദിയുടെ കുറുകെ പ്രകൃതി അണകെട്ടിയ പോലുള്ള സാഹചര്യം പോലും ഉണ്ടാക്കി.ഈ സാഹചര്യങ്ങള്‍ കണ്ട പരിചയത്തിലും ഓരോ രാജ്യങ്ങളും എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത് എന്ന് പഠിച്ച സാഹചര്യത്തിലും കുറച്ചു കാര്യങ്ങള്‍ പറയാം.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൈകാര്യം ചെയ്യുന്നതില്‍ ലോകത്തെ ഏറ്റവും ആധുനികമായ സങ്കേതങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡിലാണ്. അത് സ്വാഭാവികവുമാണ്. രാജ്യത്തിന്റെ അറുപത് ശതമാനവും മലമ്പ്രദേശം ആണ്. മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും കൂടാതെ മഞ്ഞുകാലത്ത് ഹിമപാതം (avalanche) കൂടി അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ അവിടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഹിമപാതവും കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ അതൊരു പ്രധാന വിഷയമാണെന്ന് ആ സമൂഹം മനസിലാക്കുന്നു. അന്ന് മുതല്‍ ഇന്ന് വരെ അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ എടുക്കുന്നു.
1843 ലാണ് സ്വിസ്സ് ഫോറസ്ട്രി അസോസിയേഷന്‍ ഉണ്ടാകുന്നത്. പ്രകൃതിദുരന്തങ്ങള്‍ തടയാനായി മലകളില്‍ മഞ്ഞുപെയ്യുന്ന കുന്നിന്‍മുകള്‍ മുതല്‍ ആളുകള്‍ താമസിക്കുന്ന ഗ്രാമം വരെയുള്ള പ്രദേശങ്ങളില്‍ ഒരു കവചം പോലെ വനവല്‍ക്കരണം നടത്തണമെന്നും അവിടെയുള്ള മരങ്ങള്‍ ഒരു കാരണവശാലും മുറിക്കരുതെന്നും അവര്‍ തീരുമാനം എടുത്തു. അങ്ങനെയാണ് ഇന്ന് ലോകപ്രശസ്തവും ലോക മാതൃകയുമായ ‘പ്രൊട്ടക്ഷന്‍ ഫോറസ്റ്റ്” ഉണ്ടാകുന്നത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ ഫോറസ്റ്റ് നിയമങ്ങള്‍ വരുന്നത് 1873 ലാണ്. അന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത് വനങ്ങളുടെ ഒരു പ്രധാന കര്‍ത്തവ്യമായി അവര്‍ എടുത്തിരുന്നു. അതുമായി ചേര്‍ന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കുക.
1. കുന്നിന്‍ മുകളിലുള്ള ഭൂമി ആരുടേതാണെങ്കിലും അവിടെ പ്രൊട്ടക്ഷന്‍ ഫോറസ്റ്റ് ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും സര്‍ക്കാര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. ഉടമക്ക് അവിടെ പോകാം, വേണമെങ്കില്‍ ക്യാംപ് ചെയ്യാം എന്നല്ലാതെ സ്വന്തം ഭൂമിയില്‍ മരം വെട്ടാനോ കൃഷി ചെയ്യാനോ അനുവാദമില്ല.
2. മലഞ്ചെരുവിലെ ഭൂമി വിഭജിക്കാനും അനുവാദമില്ല. എനിക്ക് പണത്തിന് ആവശ്യമുണ്ടെങ്കില്‍ എന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു പങ്ക് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പറ്റില്ല. വേണമെങ്കില്‍ മൊത്തമായി വില്‍ക്കാം. എനിക്ക് നാലു മക്കള്‍ ഉണ്ടെങ്കില്‍ ഭൂമി നാലായി വിഭജിക്കാന്‍ പറ്റില്ല. ഏതെങ്കിലും ഒരാള്‍ക്ക് കൊടുക്കാം, അവര്‍ മറ്റുള്ളവര്‍ക്ക് അവരുടെ വീതം പണമായി നല്‍കണം. പറ്റില്ലെങ്കില്‍ മൊത്തമായി മറ്റൊരാള്‍ക്ക് കൊടുത്ത് പണം വിഭജിക്കാം.

ഈ പ്രൊട്ടക്ഷന്‍ ഫോറസ്റ്റ് അവിടുത്തെ വനം വകുപ്പും Swiss Federal Institute for Forest, Snow and Landscape Research എന്നിവയും കൂടിയാണ് പരിപാലിക്കുന്നത്. ഇവിടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഹിമപാതം എന്നിവ മാത്രം കൈകാര്യം ചെയ്യാന്‍ WSL Institute for Snow and Avalanche Research SLF ഉണ്ട്. അതില്‍ തന്നെ 170 ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരുമുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡിലെ ഓരോ കുന്നും മലയും സ്ഥിരം നിരീക്ഷണത്തിലാണ്.
അതിന് ആധുനികമായ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, നിര്‍മ്മിത ബുദ്ധി, സിറ്റിസണ്‍ സയന്‍സ്, റിമോട്ട് സെന്‍സിംഗ് എന്നിവയെല്ലാം ഉപയോഗിക്കുന്നു. 2023 മെയ് മാസത്തിലാണ് ആല്‍പ്‌സില്‍ ബ്രിയന്‍സ് എന്ന ഗ്രാമത്തിന് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മെയ് ഒമ്പതാം തിയതി ഗ്രാമങ്ങളില്‍ ഉള്ളവര്‍ സ്ഥലം വിട്ടു. ഒരു മാസവും കഴിഞ്ഞ് 2023 ജൂണ്‍ പതിനഞ്ചിനാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ജൂണ്‍ 22 ന് ഗ്രാമത്തിലുള്ളവര്‍ക്ക് തിരിച്ച് പോകുവാനുള്ള അനുമതി നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശം വരുമ്പോള്‍ ഒഴിയാനുള്ള പരിശീലനം മാത്രമല്ല സ്വിസ്സുകാര്‍ക്ക് ഉള്ളത്. ഓരോ സ്വിസ്സ് ഗ്രാമത്തിലും ഒരു സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ എണ്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് വരെ റോഡപകടം മുതല്‍ ന്യൂക്ലിയര്‍ റേഡിയേഷനില്‍ നിന്ന് എങ്ങനെ രക്ഷപെടാം എന്നുവരെയുള്ള പരിശീലനം എല്ലാ ദിവസവും നടക്കുന്നു.
ഒരു ഗ്രാമം വിട്ടു പോകണമെന്ന നിര്‍ദ്ദേശം വരുമ്പോള്‍ എങ്ങോട്ടു പോകണമെന്നും കൂടി നിര്‍ദ്ദേശത്തില്‍ ഉണ്ട്. അതിന്റെ ചിലവ് സര്‍ക്കാരോ ഇന്‍ഷുറന്‍സോ വഹിക്കും. സ്വിസ് പൊളിറ്റിക്കലായി നിഷ്പക്ഷ രാജ്യമാണെങ്കിലും സ്വിസ് സമൂഹത്തിന് മൊത്തം ഒരു യുദ്ധ സാഹചര്യത്തില്‍ നിന്നും രക്ഷ നേടാനുള്ള ഭൂഗര്‍ഭ അറകള്‍ രാജ്യത്ത് എവിടെയും ഉണ്ട്. 1960 നും 2010 നും ഇടക്ക് നിര്‍മ്മിച്ച സ്വിസ് വീടുകളിലെല്ലാം ഓരോ ഭൂഗര്‍ഭ അറകള്‍ ഉണ്ട്. അവിടെ രണ്ടാഴ്ച്ച കഴിയാനുള്ള ഭക്ഷണവും മറ്റു സംവിധാനവും ഒരുക്കി വെക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
മൊത്തം സര്‍ക്കാരിന് വേണമെങ്കില്‍ പ്രവര്‍ത്തിക്കാനുള്ള ഭൂഗര്‍ഭ ഓഫിസുകളും നിര്‍മിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല ആശുപത്രികള്‍ക്കും ഭൂമിയുടെ അടിയില്‍ ഒരു ഡബിള്‍ ഭാഗം ഉണ്ട് !. മുകള്‍ ഭാഗം മണ്ണിടിച്ചിലിലോ യുദ്ധത്തിലോ തകര്‍ന്നാല്‍ സുരക്ഷിതമായ ഒരു തുരങ്കത്തിലൂടെ അവിടെ എത്താം. മുകളിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റുള്ളവരും അപകടത്തില്‍ പെട്ടിരിക്കാം എന്ന പ്ലാനിങ്ങില്‍ ഭൂമിക്കടിയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നുള്ളവരുടെ ഒരു റോസ്റ്റര്‍ ഉണ്ട്. ഒരിക്കല്‍ പോലും പ്രയോഗിച്ചിട്ടില്ലെങ്കില്‍ പോലും ഓരോ മാസവും ഈ റോസ്റ്റര്‍ മാറുന്നു !

ഇതൊക്കെ അല്പം ഓവര്‍ അല്ലേ എന്ന് തോന്നാം
എങ്ങനെയാണ് സമൂഹത്തെ സുരക്ഷിതമാക്കുന്നത് എന്നും എങ്ങനെയാണ് മറ്റു സമൂഹങ്ങള്‍ ഇതേ വിഷയം കൈകാര്യം ചെയ്യുന്നത് എന്നും പറയുകയായിരുന്നു. ‘അവന്റെ ഒരു സ്വിസ്സ്’ എന്ന് കൂടുതല്‍ ദേഷ്യം പിടിപ്പിക്കാന്‍ ഒരു കാര്യം കൂടി പറയട്ടെ. 2018 ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വലിയൊരു ചര്‍ച്ച വന്നു. ഒരു യുദ്ധകാലം ഉണ്ടാവുകയും മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അത്യാവശ്യത്തിന് വേണ്ടി സ്വിറ്റസര്‍ലണ്ടില്‍ 15000 ടണ്‍ കാപ്പിപ്പൊടി കരുതിവെച്ചിട്ടുണ്ട് ! ആധുനിക ലോകത്ത് ഇതിന്റെയെല്ലാം ആവശ്യമുണ്ടോ എന്നുള്ളതായിരുന്നു ചര്‍ച്ച. കോവിഡ് വന്നപ്പോള്‍ ലോകം എത്ര വേഗം ചുരുങ്ങുമെന്ന് മനസ്സിലാക്കിയതോടെ ആ ചര്‍ച്ച തീര്‍ന്നു. കാപ്പിപ്പൊടി (അതോ കുരുവോ) അവിടെത്തന്നെ ഉണ്ട് !
ഇതൊക്കെ സ്വിസ്സിന് സാധിക്കും, അവരുടെ വരുമാനം എന്താണ്?ശരിയാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ആളോഹരി വരുമാനം ഒരു വര്‍ഷം എണ്‍പതിനായിരം ഡോളറിന് മുകളിലാണ് (പി.പി.പി.അനുസരിച്ച്). കേരളത്തില്‍ അത് പത്തില്‍ ഒന്നാണ്, എന്നാശ്വസിക്കാന്‍ വരട്ടെ. സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ പ്രൊട്ടക്ഷന്‍ ഫോറസ്റ്റ് ഉണ്ടാക്കണം എന്ന് ചിന്തിക്കുന്ന കാലത്ത് അവര്‍ യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യമായിരുന്നു. നമ്മള്‍ സ്വര്‍ണ്ണം എ.ബി. നിലവറകളില്‍ വെച്ചിരിക്കുന്ന കാലം. അപ്പോള്‍ പണമല്ല പ്രധാനം. ദീര്‍ഘവീക്ഷണമാണ്. നമ്മള്‍ ചിന്തിക്കേണ്ടത് അടുത്ത അഞ്ചു വര്‍ഷത്തെ പറ്റി മാത്രമല്ല.
എങ്ങനെയായിരിക്കണം 2100 ലെ കേരളം?
എങ്ങനെയാണ് കൊച്ചുമക്കള്‍ക്ക് ഇന്നത്തേതിലും സുരക്ഷിതമായ കേരളം നിര്‍മ്മിച്ച് കൊടുക്കാന്‍ നമുക്ക് പറ്റുന്നത്? അതിന് എന്ത് നയങ്ങളും നിയമങ്ങളും ആണ് ഉണ്ടാക്കേണ്ടത്? എന്തൊക്കെ ഗവേഷണവും ഗവേഷണ സ്ഥാപനങ്ങളും ആണ് നമുക്ക് വേണ്ടത്? അതിന് എന്തൊക്ക ത്യാഗങ്ങളാണ് ഇന്ന് നാം സഹിക്കേണ്ടത്? ഒരപകടം ഉണ്ടാകുമ്പോള്‍ ഒറ്റ സമൂഹമായി നില്‍ക്കുന്നത് നല്ലത്. എന്നാല്‍ അപകടം കുറഞ്ഞ സമൂഹത്തിന് വേണ്ടി ഒരുമിച്ച് ചിന്തിക്കുവാന്‍ നമുക്ക് സാധിക്കുമോ?

