ഡെന്റല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ സാങ്കേതിക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രിയിലെ പ്രോസ്‌തോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടു കൂടിയ ക്യാഡ് – ക്യാം (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്) ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംങും, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്ന ഈ നൂതന പരിശീലന കേന്ദ്രം ഡെന്റല്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ആദ്യത്തേതാണ്.
ദന്ത പ്രോസ്‌തെസിസുകളുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ കൃത്യതയും വേഗതയും ഉറപ്പുവരുത്താന്‍ സാധിക്കുന്നു. രോഗികള്‍ക്ക് മികച്ച ചികിത്സാ ഫലങ്ങള്‍ നല്‍കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പുതിയ പഠനാവസരങ്ങളാണ് ഈ മേഖലയില്‍ ഒരുങ്ങുന്നത്.
അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും പി.എസ്.സി മുന്‍ ചെയര്‍മാനുമായ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഡിജിറ്റല്‍ ഡെന്റിസ്ട്രി സെന്ററിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ. ബാലഗോപാല്‍ വര്‍മ്മ, ഇന്ത്യന്‍ പ്രോസ്‌തോഡോണ്ടിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. രൂപേഷ് എല്‍, ഡോ. നാരായണന്‍ ഉണ്ണി, ഡോ. രാകേഷ് എസ്, ഡോ. മഞ്ജു വി, ഡോ. സുബ്രഹ്‌മാണ്യ അയ്യര്‍, ഡോ. പ്രമോദ് സുഭാഷ്, ഡോ. മഹേഷ് കെ, ഡോ. എം. ശിവ ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ദന്തചികിത്സാ പഠനത്തോടൊപ്പം ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും പരിശീലനം നേടുന്നതിലൂടെ ഡിജിറ്റല്‍ ഡെന്റിസ്ട്രിയിലെ ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്ന് പ്രോസ്‌തോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. മഞ്ജു വി പറഞ്ഞു. ഡെന്റല്‍ കോസ്‌മെറ്റിക് ചികിത്സയിലും ഇംപ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ദന്ത പുനസ്ഥാപനത്തിലും കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അതിനൂതന ക്യാഡ്- ക്യാം സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ഡോ. മഞ്ജു വിശദമാക്കി.
ത്രീഡി, വെര്‍ച്വല്‍ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ സമന്വയിക്കുന്ന ‘അമൃത ത്രീഡിയോളജി’ ലാബുമായി സഹകരിച്ച് വിപുലമായ പരിശീലന പരിപാടി ഉടന്‍ ആരംഭിക്കും. ഈ പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ സിര്‍കോണിയവും ടൈറ്റാനിയവും ഉള്‍പ്പെടെയുള്ള പ്രോസ്‌തോഡോണ്ടിക് സാമഗ്രികളുടെ കൃത്യതയോടെയുള്ള നിര്‍മ്മാണം എളുപ്പമാകും. മള്‍ട്ടി-യൂണിറ്റ് സിര്‍കോണിയ, ടൈറ്റാനിയം, വാക്‌സ് , ഗ്രാഫീന്‍ എന്നിവയുടെ രൂപീകരണവും പുനര്‍നിര്‍മാണ പ്ലേറ്റുകള്‍, കാസ്റ്റ് പാര്‍ഷ്യല്‍ ഫ്രെയിംവര്‍ക്കുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കും.

