ഹൈബ്രിഡ് കാറുകള്‍ക്ക് രജിസ്ട്രേഷന്‍ നികുതി ഒഴിവാക്കാനുള്ള തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കില്ല. ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന മാരുതിക്കും ടൊയോട്ടക്കും ഗുണകരമായ തീരുമാനമാണിത്. അതേസമയം ടാറ്റയും മഹീന്ദ്രയുമടക്കമുള്ള വമ്പന്‍മാര്‍ക്ക് തിരിച്ചടിയും.
ഹൈബ്രിഡിനെ കൈവിട്ട് ഇവി മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന ടാറ്റ, മഹീന്ദ്ര, ഹ്യൂണ്ടായ്, കിയ എന്നീ കമ്പനികള്‍ യുപി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരുന്നു. പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. എന്നിരുന്നാലും ഹൈബ്രിഡ് കാറുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായത്. തീരുമാനം പിന്‍വലിക്കില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് വാഹന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
രാജ്യത്തെ കാര്‍ വിപണിയുടെ 10% ഉത്തര്‍പ്രദേശാണ്. സംസ്ഥാനം എടുത്ത ഹൈബ്രിഡ് അനുകൂല സമീപനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടാകുമോയെന്ന് വാഹന നിര്‍മാതാക്കള്‍ ഭയപ്പെടുന്നു. ഉത്തര്‍ുപ്രദേശില്‍ ഇതിനകം തന്നെ ഹൈബ്രിഡ് കാറുകള്‍ക്ക് 10% വിലക്കിഴിവ് വന്നിട്ടുണ്ട്.
ഇവികള്‍ക്ക് 5% നികുതിയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്. ഹൈബ്രിഡ് കാറുകള്‍ക്ക് 43 ശതമാനവും പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് 48 ശതമാനവുമാണ് സംയോജിത നികുതി. ഇതിന് പുറമെ സംസ്ഥാന റോഡ്, രജിസ്ട്രേഷന്‍ നികുതികളും വരും.