റോക്കറ്റ് കരുത്തില്‍ പറക്കാന്‍ തയ്യാറായി അമേരിക്കന്‍ കമ്പനി ടെസ്ലയുടെ പുത്തന്‍ മോഡല്‍ ‘റോഡ്സ്റ്റര്‍’ 2025ഓടെ വിപണിയിലെത്തും. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ ടെസ്ല അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമാണ് റോഡ്സ്റ്റര്‍.
2017ല്‍ പരിചയപ്പെടുത്തിയ മോഡലായ റോഡ്സ്റ്റര്‍ നീണ്ട 7 വര്‍ഷത്തെ കാത്തിരിപ്പിന് ബ്രേക്കിട്ടാണ് വിപണിയിലേക്കെത്തുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വിതരണശൃംഖല നേരിട്ട തടസ്സങ്ങളും മറ്റുംമൂലം നിര്‍മ്മാണം വൈകുകയായിരുന്നു.2017ല്‍ പരിചയപ്പെടുത്തിയ വേളയില്‍ അവകാശപ്പെട്ടിരുന്നത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം വെറും 1.9 സെക്കന്‍ഡില്‍ കൈവരിക്കുമെന്നായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അവകാശവാദം ഒരു സെക്കന്‍ഡ് പോലും ആവശ്യമില്ലെന്നാണ്.
വാഹനം വെറും 2.3 സെക്കന്‍ഡ് കൊണ്ട് 160 കിലോമീറ്റര്‍ വേഗവും കൈവരിക്കും എന്നാണ് എലോണ്‍ മാസ്‌ക് ട്വിറ്റര്‍ വഴി അറിയിച്ചത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായാനും റോഡ്സ്റ്ററിന് കഴിയുമെന്ന് മസ്‌ക് പറയുന്നു. ഇതിനെ നിങ്ങള്‍ക്ക് കാര്‍ എന്ന് വിളിക്കാമെങ്കിലും ഇതുപോലൊരു കാര്‍ വേറൊരിടത്തും ഒരിക്കലും ഉണ്ടാവില്ലെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.