73 ഇരട്ടി ഓവര്‍സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട ആത്മവിശ്വാസവുമായി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശക്തമായ നിലയില്‍. ഐപിഒ വിലയേക്കാള്‍ 19 ശതമാനം പ്രീമിയത്തിലാണ് ഇസാഫ് ലിസ്റ്റ് ചെയ്തത്.
കമ്പനിയുടെ ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 71 രൂപയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 71.9 രൂപയിലുമാണ് അരങ്ങേറിയത്. ഐപിഒ വില 60 രൂപയായിരുന്നു. 19 ശതമാനം ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ വില്‍പ്പന നടത്തിയതോടെ ഓഹരി വില 60 ലേക്ക് താഴ്ന്നു. പിന്നീട് 74.80 രൂപയിലേക്ക് ഉയര്‍ന്ന വില ദിനാന്ത്യത്തില്‍ 69.05 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ചു.
‘ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 71.90 രൂപയ്ക്ക്, അതായത് ഇഷ്യു വിലയേക്കാള്‍ 20 ശതമാനം കൂടിയ വിലയ്ക്കാണ് ലിസ്റ്റ് ചെയതത്. കമ്പനിക്ക് ദക്ഷിണേന്ത്യയില്‍, ഗ്രാമീണ മേഖലകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. കൂടാതെ അതിന് വളര്‍ന്നുവരുന്ന റീട്ടെയില്‍ ഡെപ്പോസിറ്റ് പോര്‍ട്ട്‌ഫോളിയോയും ഉണ്ട്,’ സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ വെല്‍ത്ത് വിഭാഗം മേധാവി ശിവാനി ന്യാതി പറഞ്ഞു.